Skip to main content

കലാലയ മാഗസിനുകൾക്കുള്ള മീഡിയ അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചു

കേരളത്തിലെ ഏറ്റവും മികച്ച കലാലയ മാഗസിനുകൾക്കുളള 2023-24 ലെ കേരള മീഡിയ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പാലക്കാട് വിക്ടോറിയ കോളേജിന്റെ 'തുരുത്ത്എന്ന മാസികയ്ക്കാണ് ഒന്നാം സമ്മാനം. മുഖ്യമന്ത്രിയുടെ ട്രോഫിയും 25,000 രൂപയും പ്രശസ്തിപത്രവുമാണ്  സമ്മാനം.

രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം രണ്ട് കോളേജുകൾ വീതം പങ്കിട്ടു. എറണാകുളം ഗവ ലോ കോളേജിന്റെ മാഗസിൻ 'പറ്റലർ',  മലപ്പുറം കോട്ടയ്ക്കൽ വി പി എസ് വി ആയുർവേദ കോളേജിന്റെ  മാഗസിൻ 'ചെലപ്പധികാരംഎന്നിവയ്ക്കാണ് രണ്ടാം സമ്മാനം. 15,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് നൽകുക.

കോഴിക്കോട് ജെ ഡി ടി ഇസ്ലാം കോളേജ് ഓഫ് ആർട്‌സ് ആന്റ് സയൻസിന്റെ മാഗസിൻ 'ഫുർഖത്', തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന്റെ മാഗസിൻ 'ഇന്ത്യ ദാറ്റ് ഈസ് ഭാരത്എന്നീ മാസികകൾക്കാണ് മൂന്നാം സമ്മാനം. 10000 രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് സമ്മാനം.

മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു, സെക്രട്ടറി അനിൽ ഭാസ്കർ എന്നിവർ വാർത്താസമ്മേളനത്തിലാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനും സാഹിത്യകാരനുമായ കെ വി മോഹൻകുമാർസാക്ഷരതാ മിഷൻ ഡയറക്ടർ എ ജി ഒലീനഎഴുത്തുകാരൻ ജി ആർ ഇന്ദുഗോപൻ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാര നിർണയം നടത്തിയത്. സമകാലികതയും സൗന്ദര്യാനുഭവും സാമൂഹിക ദിശാബോധവും ഒരുപോലെ സമന്വയിക്കുന്ന ഈ ക്യാമ്പസ് സൃഷ്ടികൾ ഏറെ പ്രതീക്ഷ നൽകുന്നുവെന്ന് ജൂറി വിലയിരുത്തി.

പി.എൻ.എക്സ് 1062/2025

date