Skip to main content

മീഡിയ മാഗസിന്റെ 2025ലെ മീഡിയ പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ആഫ്രിക്കന്‍ മാധ്യമപ്രവര്‍ത്തക മരിയം ഔഡ്രാഗോയ്ക്ക്

കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ

'മീഡിയ'യുടെ 2025ലെ മീഡിയ പേഴ്സണ്‍ ഓഫ് ദി ഇയറായി പ്രശസ്ത ആഫ്രിക്കന്‍ മാധ്യമ പ്രവര്‍ത്തക മരിയം ഔഡ്രാഗോയെ തിരഞ്ഞെടുത്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള ലൈംഗികാതിക്രമം നടത്തുന്ന ദുഷ്ടശക്തികള്‍ക്കെതിരെ സ്തോഭജനകമായ റിപ്പോര്‍ട്ടുകള്‍ നിരന്തരം പ്രസിദ്ധീകരിക്കുന്ന മരിയം അന്താരാഷ്ട്ര ശ്രദ്ധ ഇതിനകം നേടിയിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യത്തെ ഒരു ജേണലിസ്റ്റിനെ ഇതാദ്യമായി അംഗീകരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

 

 ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ് ഏപ്രില്‍ സമ്മാനിക്കുമെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അറിയിച്ചു.

 2023ല്‍ സ്ലോവാക്യയിലെ പാവ്ലോ ഹോള്‍സോവയേയും 2024ല്‍ അല്‍-ജസീറ ചാനലിന്റെ ഗാസ ബ്യൂറോ ചീഫായിരുന്ന, ഇസ്രേല്‍ ആക്രമണത്തില്‍ പരിക്കേറ്റ അല്‍ ദഹ്ദൂദിനെയുമായിരുന്നു ഈ അവാര്‍ഡിന് തിരഞ്ഞെടുത്തിരുന്നത്. ഇസ്രേല്‍ ബോംബാക്രമണത്തില്‍ ദെഹ്ദൂദിന്റെ നാലു കുടുംബാംഗങ്ങള്‍ കൊല്ലപ്പെടുകയുണ്ടായി.

 ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളുടെ സാര്‍വദേശീയ സംഘടനയുടെ ഇന്ത്യന്‍ പ്രതിനിധികളുടെ കൂടി അഭിപ്രായം കേട്ട് മീഡിയ മാഗസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളുടെ നിര്‍ദ്ദേശത്തോടെയും അംഗീകാരത്തോടെയുമാണ് ഈ തിരഞ്ഞെടുപ്പ്.

 ഇത്തവണ പ്രത്യേക പരാമര്‍ശത്തിന് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത് രണ്ടുപേരുകളാണ്. ഉക്രൈനിലെ നതാലിയ ഗുമെനിയുക്കും (Nataliya Gumenyuk) അല്‍ ജസീറ ചാനലിന്റെ അവതാരകയായ എലിസബത്ത് പുരാനമിനുമാണ് (Elizabeth Puranam| ഈ രണ്ടുപേര്‍.

 ഉക്രൈന്‍-റഷ്യ യുദ്ധത്തിനിടയില്‍ ഉക്രൈനില്‍നിന്നും കുട്ടികളെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോകുന്നു എന്ന നതാലിയയുടെ വാര്‍ത്തയെത്തുടര്‍ന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

 പലസ്തീനിലെയും സിറിയയിലെയും മിഡില്‍ ഈസ്റ്റിലെയും സംഭവവികാസങ്ങള്‍ ഏറ്റവുമധികം അവതരിപ്പിച്ച മാധ്യമപ്രവര്‍ത്തക എന്ന പ്രത്യേകത എലിസബത്തിനുണ്ട്. ന്യൂസിലണ്ട് സ്വദേശിയാണ്.

 

 

മരിയം ഔഡ്രാഗോയെപ്പറ്റി

 

 ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയിലെ മാധ്യമപ്രവര്‍ത്തകയാണ് മരിയം ഔഡ്രാഗോ. സംഘര്‍ഷഭരിതമായ ബുര്‍ക്കിന ഫാസോയിലെ സാധാരണക്കാരില്‍ യുദ്ധം ചെലുത്തുന്ന വിനാശകരമായ ആഘാതം വെളിപ്പെടുത്തുന്ന നിര്‍ഭയ മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ അവര്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. പശ്ചിമാഫ്രിക്കന്‍ രാജ്യത്ത് ഇസ്ലാമിക തീവ്രവാദികള്‍ മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത സ്ത്രീകള്‍ അനുഭവിച്ച ആഘാതത്തിലേക്കും, ഈ ക്രൂരമായ ബലാല്‍സംഗങ്ങളില്‍ ജനിച്ച കുട്ടികളിലേക്കും മരിയത്തിന്റെ റിപ്പോര്‍ട്ടുകള്‍ വെളിച്ചം വീശുന്നു.

 മരിയത്തിന്റെ ഈ വിധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജേണലിസ്റ്റ്‌സ് (ഐസിഎഫ്‌ജെ)യുടെ 2023 ലെ നൈറ്റ് ഇന്റര്‍നാഷണല്‍ ജേണലിസം അവാര്‍ഡ് അവര്‍ക്ക് സമ്മാനിക്കുകയുണ്ടായി. യുദ്ധ ലേഖകര്‍ക്കുള്ള ലോകത്തിലെ ഏറ്റവും അഭിമാനകരമായ ബയേക്‌സ് കാല്‍വാഡോസ്-നോര്‍മാണ്ടി അവാര്‍ഡും അവര്‍ക്ക് ലഭിച്ചു.

 സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചെറിയ ദിനപത്രമായ 'സിഡ്വായ'യുടെ റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍, മനുഷ്യ ദുരിതത്തോടുള്ള കാരുണ്യമാണ് തനിക്ക് പ്രചോദനമായതെന്ന് ഔഡ്രാഗോ പറയുന്നു.

 രാജ്യതലസ്ഥാനത്ത് യാചിക്കുന്ന സ്ത്രീകളുടെയും മറ്റ് വൈകല്യമുള്ള പൗരന്മാരുടെയും പോരാട്ടങ്ങളും, അള്‍ട്രാസൗണ്ട് മെഷീന്‍ ഉപയോഗിക്കുന്നതിനായി നൂറുകണക്കിന് മൈലുകള്‍ സഞ്ചരിക്കാന്‍ നിര്‍ബന്ധിതരായ ഗര്‍ഭിണികളുടെ ദുരിതവും മരിയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 'സ്ഥിരമായ വാസസ്ഥലമില്ലാത്ത സ്ത്രീകള്‍: അവര്‍ തെരുവില്‍ താമസിക്കുകയും പ്രസവിക്കുകയും ചെയ്യുന്നു' എന്ന തലക്കെട്ടിലുള്ള അവരുടെ ലേഖനത്തിനു ശേഷം, ബുര്‍ക്കിന ഫാസോ സര്‍ക്കാര്‍ നൂറുകണക്കിന് സ്ത്രീകളെ 'സോളിഡാരിറ്റിയുടെ ഹോസ്റ്റലുകള്‍' എന്നറിയപ്പെടുന്ന സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

 എങ്ങും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിലൂടെ ഔഡ്രാഗോ രാജ്യത്തുമാത്രമല്ല, പുറംനാടുകളിലും കൊണ്ടാടപ്പെടുന്നു. ആഘോഷിക്കപ്പെടുന്നു. രണ്ട് തീവ്രവാദ ഗ്രൂപ്പുകള്‍ കയ്യടക്കിവച്ചിരിക്കുന്ന ഒരു തെരുവിലൂടെ, ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ ഭയാനകമായ യാത്രയെ വിവരിക്കുന്ന 'ഡാബ്ലോ-കായ ആക്‌സിസ്: ദി റോഡ് ടു ഹെല്‍ ഫോര്‍ ഇന്റേണല്‍ ഡിസ്‌പ്ലേസ്ഡ് വുമണ്‍' എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടുകളുടെ ഒരു പരമ്പര വളരെ ശ്രദ്ധിക്കപ്പെട്ടു.

 ഹൃദയഭേദകമായ ഈ വാര്‍ത്തകള്‍ തേടിയുള്ള ഔഡ്രാഗോയുടെ നിരന്തര സഞ്ചാരം അവരുടെ ആരോഗ്യത്തെ ബാധിച്ചു. ലൈംഗിക അതിക്രമത്തെക്കുറിച്ചുള്ള പരമ്പര റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അവര്‍ക്ക് പോസ്റ്റ്-ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (PTSD) ബാധിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടിംഗില്‍നിന്ന് ഇടവേള എടുക്കാന്‍ നിര്‍ബന്ധിതയായി.

 അയല്‍രാജ്യമായ ഐവറി കോസ്റ്റില്‍, ബഹുഭാര്യത്വമുള്ള ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച ഔഡ്രാഗോയ്ക്ക് 2008 ല്‍ ബുര്‍ക്കിന ഫാസോയില്‍ പ്രസ് ഏജന്‍സിയായ ഏജന്‍സ് ഡി'ഇന്‍ഫര്‍മേഷന്‍ ഡു ബുര്‍ക്കിനയില്‍ ഇന്റേണ്‍ഷിപ്പ് ലഭിച്ചു. പത്രപ്രവര്‍ത്തനത്തില്‍ കരിയര്‍ തുടരാന്‍ തീരുമാനിച്ച അവര്‍ സിഡ്വായയില്‍ ഇന്റേണായും ജോലി ചെയ്തു. 2013 ല്‍ സിഡ്വായയില്‍ റിപ്പോര്‍ട്ടറായി നിയമിതയായി.

 ബുര്‍ക്കിനോ ഫാസയില്‍ സര്‍ക്കാരും ഇസ്ലാമിക തീവ്രവാദികളും തമ്മിലുള്ള പോരാട്ടം ആയിരക്കണക്കിന് ആളുകളുടെ മരണത്തിനാണ് ഇടയാക്കിയത്. ഏകദേശം ഇരുപതുലക്ഷം സാധാരണക്കാരെ നാടുകടത്തുകയുണ്ടായി. 2022 ല്‍ മാത്രം രാജ്യംn രണ്ട് സൈനിക അട്ടിമറികള്‍ക്ക് സാക്ഷ്യം വഹിച്ചു.

date