Skip to main content

അറിയിപ്പുകൾ

 

വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു 

ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി നടപ്പിലാക്കുന്ന ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി കടലുണ്ടി,  കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിൽ ടൂറിസം ഡെസ്റ്റിനേഷന്‍ പ്രൊമോഷന്‍ ലക്ഷ്യംവെച്ച് തെരഞ്ഞെടുക്കപ്പെട്ട മേഖലയിലെ വനിതകള്‍ക്കായി   ഫെമിലറൈസേഷൻ  ട്രിപ്പുകളുടെ ഭാഗമാകാന്‍ അപേക്ഷ ക്ഷണിച്ചു.

ഉത്തരവാദിത്ത ടൂറിസം മിഷനിലോ നിലവില്‍ മറ്റെവിടെയെങ്കിലുമോ  രജിസ്റ്റര്‍ ചെയ്ത സ്ത്രീകളായ ടൂര്‍ ഓപ്പറേറ്റര്‍, ട്രാവല്‍ ഏജന്റ്‌സ്, എഴുത്തുകാര്‍, ബ്ലോഗര്‍, വ്ളോഗര്‍ എന്നീ മേഖലയിലുള്ളവർക്ക് അപേക്ഷിക്കാം.
അവസാന തിയതി മാര്‍ച്ച്  17 വൈകീട്ട് അഞ്ച് മണി. ഫോണ്‍: 9526748398.

 

 ദേശീയ ശാസ്ത്രദിനം ആചരിച്ചു
 
കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ  ആഭിമുഖ്യത്തില്‍ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ   സഹകരണത്തോടെ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ദേശീയ ശാസ്ത്രദിനം ആചരിച്ചു.

വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ശാസ്ത്ര കിറ്റ് നിര്‍മ്മാണം, പെയിന്റിംഗ് മത്സരം എന്നിവ നടന്നു.  ഗാര്‍ഡനിലെ വിവിധ സസ്യശേഖരങ്ങളും ശാസ്ത്ര ഗവേഷണ ലാബുകളും സസ്യസംരക്ഷണ കേന്ദ്രങ്ങളും വിദ്യാർഥികൾക്ക് സന്ദര്‍ശിക്കാനുള്ള അവസരവും ലഭ്യമാക്കി. 

മത്സര വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട ജേതാക്കള്‍ക്ക്‌ സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുക്കാം.

 

സ്‌പോര്‍ട്‌സാണ് ലഹരി; 11 കായിക ഇനങ്ങളിൽ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സമ്മര്‍ ക്യാമ്പ് വരുന്നു 

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ 11 കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വേനല്‍ക്കാല ക്യാമ്പ് നടത്തുന്നു. 5 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് സമ്മര്‍ ക്യാമ്പ്. കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ മൂന്നിന് ആരംഭിച്ച് മെയ് 23ന് അവസാനിക്കും. 

ജില്ലയില്‍ ഏഴു കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ക്യാമ്പില്‍ 15 വയസ്സ് വരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം, ഇ കെ നായനാര്‍ മിനി സ്റ്റേഡിയം നല്ലൂര്‍-ഫറോക്ക്, മണാശ്ശേരി മിനി സ്റ്റേഡിയം മുക്കം, മാവൂര്‍ ഗ്രാമപഞ്ചായത്ത് മിനിസ്റ്റേഡിയം ചെറൂപ്പ, പേരാമ്പ്ര, ഇഎംഎസ് സ്റ്റേഡിയം കണ്ണാട്ടികുളം ചെറുവണ്ണൂര്‍ എന്നിടങ്ങളിലാണ് ഫുട്‌ബോള്‍ ക്യാമ്പ്. 

ഷട്ടില്‍ ബാഡ്മിന്റണ്‍ (കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം), ബാസ്‌ക്കറ്റ്‌ബോള്‍ (കോഴിക്കോട് മാനാഞ്ചിറ), ടേബിള്‍ടെന്നീസ് (കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം), ബോക്സിങ് (കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം), ജിംനാസ്റ്റിക്‌സ് (കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം), ചെസ്സ് (കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം, കൊയിലാണ്ടി, മണാശ്ശേരി ഗവണ്‍മെന്റ് യുപി സ്‌കൂള്‍ മുക്കം, നരിക്കുനി, യങ്ങ്‌മെന്‍സ് ലൈബ്രറി ഫറോക്ക്), തയ്ക്കോണ്ടോ (കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം, യങ്ങ്‌മെന്‍സ് ലൈബ്രറി ഫറോക്ക്), വോളിബോള്‍ (നിടുമണ്ണൂർ വോളിബോള്‍ അക്കാദമി കായക്കൊടി, നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമി),  സ്‌കേറ്റിംഗ് (കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം),  സ്വിമ്മിംഗ് (നടക്കാവ് സ്വിമ്മിംഗ്പൂള്‍) തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം. 

പരിചയസമ്പന്നരും പ്രശസ്തരുമായ കായികതാരങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. . 

കൂടുതല്‍വിവരങ്ങള്‍ക്ക്: www.sportscouncilkozhikode.com
https://forms.gle/eLTT199ZYStEsZXT7

ഫോണ്‍: 8078182593, 0495-2722593.

date