Skip to main content

നഗരസഭ ഓഫീസ് ശതാബ്ദി മന്ദിരത്തിൽ പ്രവർത്തനം ആരംഭിച്ചു

ആലപ്പുഴ നഗരസഭ ഓഫീസ് പുതിയ ശതാബ്ദി സ്മാരക മന്ദിരത്തിൽ പ്രവർത്തനം ആരംഭിച്ചു. നഗരസഭ അധ്യക്ഷ കെ കെ ജയമ്മ പൂന്തോപ്പ് വാർഡ് സ്വദേശി ജെയിംസ് നാലുകണ്ടത്തിലിന് കെട്ടിട നികുതി രസീത് നൽകികൊണ്ട് പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. 
45,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ അഞ്ച് നിലകളിലായാണ് പുതിയ ഓഫീസ് ഒരുക്കിയിരിക്കുന്നത്. നഗരസഭയുടെ മുഴുവൻ പ്രവർത്തനങ്ങളും ഇവിടേക്ക് മാറ്റിയിട്ടുണ്ട്. പൊതുജനങ്ങളുമായി ഏറ്റവുമധികം ബന്ധപ്പെട്ട റവന്യൂ സേവനങ്ങളായ ജനസേവ കേന്ദ്രം, ജനന, മരണ, വിവാഹ രജിസ്ട്രേഷൻ കേന്ദ്രം, റവന്യൂ സെക്ഷൻ, ക്യാഷ് കൗണ്ടർ, ക്ഷേമപെൻഷൻ ഓഫീസ്, പരാതി പരിഹാര കിയോസ്ക്, പിഎംഎവൈ ഓഫീസ് എന്നിവ താഴത്തെ നിലയിലാണുള്ളത്. നഗരസഭ അധ്യക്ഷ, ഉപാധ്യക്ഷൻ, സ്ഥിരംസമിതി അധ്യക്ഷർ, സെക്രട്ടറി, ജനറൽ, അക്കൗണ്ട്സ്, ഓഡിറ്റ് വിഭാഗങ്ങൾ ഒന്നാം നിലയിൽ പ്രവർത്തിക്കും. രണ്ടാം നിലയിൽ മുൻസിപ്പൽ എഞ്ചിനീയർ, എഞ്ചിനീയറിങ് വിഭാഗം, ടൗൺ പ്ലാനിങ് വിഭാഗം, മിനി കോൺഫറൻസ് ഹാൾ, യോഗം ചേരുന്നതിനുള്ള മുറി, അയ്യങ്കാളി തൊഴിലുറപ്പ് ഓഫീസ് എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. മൂന്നാം നിലയിൽ കൗൺസിലർമാർ, സിഡിഎസ് ഓഫീസുകൾ, റെക്കോർഡ് മുറി, സ്റ്റോർ മുറി, അമൃത് വിഭാഗം, എൻയുഎൽഎം ഓഫീസുകളും നാലാം നിലയിൽ കൗൺസിൽ ഹാളും, ഹെൽത്ത് വിഭാഗത്തിന്റെ ഓഫീസുമാണ് പ്രവർത്തിക്കുക. മുകളിലേക്ക് കയറുന്നതിന് രണ്ട് ലിഫ്റ്റ് സംവിധാനങ്ങളാണുള്ളത്. ഭിന്നശേഷിക്കാർക്കും പ്രായമായവർക്കുമായി റാംപ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇവർക്ക് നഗരസഭ അധ്യക്ഷയെ സന്ദർശിക്കുന്നതിന് താഴത്തെ നിലയിൽതന്നെ സൗകര്യം ഒരുക്കും. എല്ലാ നിലകളിലും ശുചിമുറി, വിശ്രമമുറി എന്നിവ ലഭ്യമാണ്. രണ്ട് കവാടങ്ങളിലൂടെയാണ് നഗരസഭയിലേക്കുള്ള പ്രവേശനം. വിശാലമായ പാർക്കിംഗ് സൗകര്യം, ഡ്രൈവർമാർക്കായി പ്രത്യേക മുറി എന്നിവയും ഒരുക്കിയിട്ടുണ്ട്. 2016-17 കാലയളവിലാണ് ശതാബ്ദി മന്ദിരം നിർമ്മാണം ആരംഭിച്ചത്. 15 കോടിയിലധികമാണ് നിർമ്മാണ ചെലവ്.  പഴയ നഗരസഭ കെട്ടിടം പൈതൃക അതിഥി മന്ദിരമാക്കിമാറ്റാനുള്ള നടപടികളും നഗരസഭ സ്വീകരിക്കും.
ചടങ്ങിൽ നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ എം ആർ പ്രേം, എ എസ് കവിത, നഗരസഭാഗം സജേഷ് ചാക്കപറമ്പ്, നഗരസഭ ഹെൽത്ത് ഓഫീസർ കെ പി വർഗീസ്, മാലിന്യമുക്ത നവകേരളം നോഡൽ ഓഫീസർ സി ജയകുമാർ, റവന്യൂ സൂപ്രണ്ട് എസ് ശാന്തി, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/740)

date