Skip to main content
'മനസ്വീ' ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി  ഉദ്ഘാടനം ചെയ്തു

'മനസ്വീ' ലഹരി വിമുക്തി ചികിത്സാ പദ്ധതി ഉദ്ഘാടനം ചെയ്തു

ഭാരതീയ ചികിത്സാ വകുപ്പ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിമുക്തി ചികിത്സാ പദ്ധതി 'മനസ്വീ' ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി  ഉദ്ഘാടനം ചെയ്തു.  സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരായി കൂട്ടായ പോരാട്ടം അനിവാര്യമാണെന്ന് അഡ്വ. കെ.കെ രത്നകുമാരി പറഞ്ഞു.  സമൂഹത്തിൽ വർധിച്ചു വരുന്ന അക്രമങ്ങൾക്ക് കാരണം ഏറിയ പങ്കും ലഹരിയുടേതാണ്. വളർന്നുവരുന്ന പുതുതലമുറയെ അപകടത്തിലാക്കുന്ന ഈ വിപത്തിനെ  തടഞ്ഞുനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ലഹരി വിമുക്തി ചികിത്സ പദ്ധതി ആവിഷ്കരിച്ചതെന്നും അവർ പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചികിത്സാ പദ്ധതി ആരംഭിക്കുന്നത്. ജില്ലാ ആയുർവേദ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അദ്ധ്യക്ഷനായി.

ലഹരിയിൽ നിന്ന് മുക്തി നേടണമെന്ന്  ആഗ്രഹിക്കുന്നവർക്കായി ജില്ലാ ആയുർവേദ ആശുപത്രിയിൽ ഒപി പ്രവർത്തനവും ആരംഭിച്ചു. ചികിത്സയുടെ ആദ്യ ഘട്ടം എന്ന രീതിയിൽ ഒപി യിൽ എത്തുന്ന രോഗികൾക്ക് സൗജന്യമായി മരുന്നുകൾ നൽകും. രോഗികൾക്കും ബന്ധുക്കൾക്കും ബോധവത്കരണവും നൽകുന്നു. ലഹരി ഉപയോഗിക്കുന്നതിലേക്ക് എത്തിപ്പെടുന്നതിൻ്റെ കാരണം മനസിലാക്കി രോഗകാരണത്തെ ചികിത്സിക്കുകയാണ് മനസ്വീയിലൂടെ ഉദ്ദേശിക്കുന്നത്. ഡീ അഡിക്ഷൻ സെന്ററുകളിൽ പോകാൻ താല്പര്യമില്ലാത്തവർക്കും അല്ലെങ്കിൽ ഡി അഡിക്ഷൻ ചികിത്സകൾ കഴിഞ്ഞ് ആയുർവേദ ചികിത്സയിൽ തുടരാൻ താല്പര്യമുള്ളവർക്കും അതിനുള്ള അവസരം ഒരുക്കുക എന്ന രീതിയിലാണ് ജില്ലാ ആയുർവേദ ആശുപത്രി മനസ്വീ പദ്ധതി മുന്നോട്ട് വെക്കുന്നത്. പദ്ധതിയുടെ അടുത്ത ഘട്ടം എന്ന നിലയ്ക്ക്  സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, റസിഡന്റ് സ് അസോസിയേഷൻ, യൂത്ത് അസോസിയേഷൻ ,ക്ലബ്ബുകൾ എന്നിവർക്കും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും.  മാനസികാരോഗ്യ വിഭാഗം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. ദൃശ്യ പദ്ധതി വിശദീകരിച്ചു. നിലവിൽ കിടത്തി ചികിത്സ ആശുപത്രിയിൽ ലഭ്യമല്ല. കിടത്തി ചികിത്സിക്കേണ്ട രോഗികളെ ഗവൺമെന്റ് ആയുർവേദ മാനസികാരോഗ്യ കേന്ദ്രം കോട്ടയ്ക്കലിലേക്ക് റെഫർ ചെയ്യുകയാണ് ചെയ്യുന്നതെന്ന് അവർ പറഞ്ഞു. ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. പി വി ശ്രീനിവാസൻ, ലേ സെക്രട്ടറി സഞ്ജയൻ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജഷി ദിനകരൻ എന്നിവർ സംസാരിച്ചു.

date