Skip to main content

ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി ദ്വിദിന പരിശീലനം ആരംഭിച്ചു

 

വനിതാ ശിശു വികസന വകുപ്പ് - ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഭാഗമായി ബാലനീതി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി   ജീവനക്കാര്‍ക്കായുള്ള ദ്വിദിന പരിശീലന പരിപാടി  ആരംഭിച്ചു. പരിശീലന പരിപാടിയില്‍ ശിശു സൗഹാര്‍ദ്ദപരമായ സ്ഥാപനങ്ങള്‍ - ബാലനീതി നിയമത്തിലൂടെ, ശിശു സംരക്ഷണ സ്ഥാപങ്ങളും കുട്ടികളും, ശിശു സൗഹാര്‍ദ്ദപരമായ ഇടപെടല്‍, ശിശു സംരക്ഷണ സ്ഥാപങ്ങളും കുട്ടികളും- മന ശാസ്ത്രപരമായ ഇടപെടല്‍  എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു.
പാലക്കാട് സായൂജ്യം റെസിഡന്‍സിയില്‍ നടന്ന പരിശീലന പരിപാടി ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക ഉദ്ഘാടനം ചെയ്തു. ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ശിശു സൗഹാര്‍ദ്ദപരമാക്കുന്നതിലേയ്ക്കായി  എല്ലാ കുട്ടികളുടെയും വ്യക്തിഗത  ശ്രദ്ധാ പദ്ധതി  നിര്‍ബന്ധമായും തയ്യാറാക്കണമെന്ന്  ജില്ലാ കലക്ടര്‍ പറഞ്ഞു. ശിശു സംരക്ഷണ  സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ആറ് മാസം കൂടുമ്പോള്‍ പരിശീലനം നല്‍കുന്നത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മികവുറ്റതാക്കുന്നതിന്  സാധിക്കുമെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

പാലക്കാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി   അംഗം  സൗമ്യ എലിസബത്ത്  സെബാസ്റ്റ്യന്‍,   ഐ.ഐ.ടി  ഉന്നത് ഭാരത് അഭിയാന്‍  പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍.പ്രഭുല്ലദാസ്, മെന്റല്‍ ഹെല്‍ത്ത്  ട്രെയിനര്‍ അഞ്ജു.കെ. ഫിലിപ്പ് എന്നിവരാണ്   ക്ലാസുകള്‍ നയിച്ചത്.

  പരിപാടിയില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി  ചെയര്‍മാന്‍ എം.വി മോഹനന്‍  അധ്യക്ഷനായി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എം.ജി. ഗീത,   ചൈല്‍ഡ് ഹെല്പ് ലൈന്‍ സൂപ്പര്‍വൈസര്‍  ആഷ്‌ലിന്‍ ഷിബു, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പ്രേംന മനോജ് ശങ്കര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് അക്കൗണ്ടന്റ് ഡി. സുമേഷ്  തുടങ്ങിയവര്‍ പങ്കെടുത്തു.

date