Skip to main content

മുതുവിള- നന്ദിയോട് റോഡ് ബിഎംബിസി നിലവാരത്തിലേക്ക്

മുതുവിളയില്‍ നിന്നാരംഭിച്ച് വാമനപുരം നദിക്കു കുറുകെയുള്ള ചെല്ലഞ്ചിപ്പാലം വഴി നന്ദിയോട് ജംഗ്ഷനില്‍ ചെന്നെത്തുന്ന റോഡ് ബിഎംബിസി നിലവാരത്തിൽ നവീകരിക്കുന്നു. 13.45 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി അനുമതി ലഭിച്ചതായി ഡി.കെ മുരളി എം.എല്‍.എ അറിയിച്ചു. 13.5 കി.മീറ്റര്‍ നീളമുള്ള റോഡ് നിലവിലുള്ള വീതിയിലാണ് നവീകരിക്കുന്നത്. എല്ലാ സ്ഥലത്തും 5.5 മീറ്റര്‍ വീതി ഉറപ്പാക്കും. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നിര്‍മ്മാണ ചുമതല.

2017-18 സംസ്ഥാന ബജറ്റിൽ  ഉള്‍പ്പെടുത്തി കല്ലറ പഴയചന്ത - മുതുവിള റോഡിന് കിഫ്ബി പദ്ധതിയില്‍ 32 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍  റോഡ് സി.ആര്‍.എഫില്‍ ഉള്‍പ്പെടുത്തി നവീകരിച്ചതിനാല്‍ പ്രസ്തുത തുക ഉപയോഗിച്ച് മുതുവിള മുതല്‍ നന്ദിയോട് വരെയുള്ള റോഡ് നവീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതനുസരിച്ച് പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ 64.49 കോടി രൂപയുടെ ഡിപിആറിന് കഴിഞ്ഞ വര്‍ഷം കിഫ്ബിയില്‍ നിന്ന് അനുമതി  ലഭിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കല്‍ നടപടികളിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി റോഡ് പ്രവൃത്തി ആരംഭിക്കാൻ കാലതാമസം നേരിട്ടു. മാത്രമല്ല റോഡിന്റെ കൂടുതല്‍ ഭാഗങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗമല്ലാതിരുന്നതും കിഫ്ബി പദ്ധതി നടപ്പാക്കാന്‍ തടസമായി. ഭൂമി ഏറ്റെടുക്കല്‍ നടപടിയാകുന്നതുവരെ നിലവിലെ പരമാവധി വീതിയില്‍ റോഡ് നവീകരിക്കണമെന്ന എംല്‍എയുടെ ആവശ്യം പരി​ഗണിച്ചാണ് റോഡ് നവീകരണം ആരംഭിക്കുന്നത്.

ഇതോടൊപ്പം കടവനാട് - പാലുവള്ളി - ചെല്ലഞ്ചി റോഡില്‍ പാലുവള്ളി മുതല്‍ ചെല്ലഞ്ചിവരെയുള്ള 2.5 കി.മീറ്റര്‍ ദൂരം ബിഎംബിസി നിലവാരത്തില്‍ നവീകരിക്കുന്നതിന് 3.41 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഈ മാസം ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി റോഡ് നിര്‍മാണം ആരംഭിക്കുമെന്ന് ഡി.കെ. മുരളി എംഎല്‍എ അറിയിച്ചു.

date