Skip to main content

കുടിവെള്ളത്തിനും ടൂറിസത്തിനും മുൻഗണന നൽകി വീയപുരം ഗ്രാമപഞ്ചായത്ത് ബജറ്റ്

കുടിവെള്ളത്തിനും ടൂറിസത്തിനും മുൻഗണന നല്കി വീയപുരം ഗ്രാമപഞ്ചായത്ത് 2025-2026 വർഷത്തെ ബജറ്റ്  വൈസ് പ്രസിഡന്റ് പി എ ഷാനവാസ് അവതരിപ്പിച്ചു. 13,00,76550 രൂപ വരവും 11,85,95150 രൂപ 
ചെലവും 1,14,81400 രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
കുടിവെള്ളം,ടൂറിസം,കൃഷി, ചെറുകിടസംരംഭങ്ങൾ  എന്നിവക്ക് പ്രാധാന്യം കൊടുക്കുന്നതോടൊപ്പം 'വീയപുരം അരി' എന്ന പേരിൽ ബ്രാൻഡഡ്  അരി വിപണിയിലിറക്കാനും ബജറ്റിൽ വിഭാവനം ചെയ്തു.പാടശേഖരങ്ങളിൽ നിന്നും ശേഖരിക്കുന്ന നെല്ല് വീയപുരം അരി എന്ന പേരിൽ നേരിട്ട് മില്ലുകളിലെത്തിക്കുന്നതിലൂടെ കർഷകർക്ക് മില്ലുകാരുടെ ചൂഷണത്തിൽ നിന്നും രക്ഷനേടാനും പണം ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുവാനും കുടുംബശ്രീയുമായി സഹകരിച്ച് വിപണി കണ്ടെത്തുന്നതോടെ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും സാധിക്കും.  

കുടിവെള്ളക്ഷാമത്തിന്
ശാശ്വതപരിഹാരമായി ഓരോ വാർഡിലും ചെറുകിട കുടിവെള്ള പദ്ധതി നടപ്പാക്കും. 
പായിപ്പാട് പവലിയൻ ,മുണ്ടാർ  എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതികൾ നടപ്പാക്കും. കണ്ണൻ കുളം നീന്തൽ പരിശീലനകേന്ദ്രമാക്കും.
കാരിച്ചാൽ കുളം, എസ് ബി ഐ കുളം എന്നിവ മീൻ വളർത്തൽ കേന്ദ്രങ്ങളാക്കും.പായിപ്പാട് കേന്ദ്രീകരിച്ച് നിത്യോപയോഗസാധനങ്ങളുടെ വില്പ്പയും, വാങ്ങലും നടക്കുന്ന ഇടങ്ങൾ ഒരുക്കും.
കുട്ടികളും യുവജനങ്ങളും ലഹരിക്കടിമപ്പെടാതിരിക്കാൻ അവരുടെ കായിക കഴിവുകളെ പ്രോത്സാഹിപ്പിക്കാനായി കളിക്കളങ്ങൾ സജ്ജമാക്കും. 
കിടപ്പുരോഗികൾക്ക് വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും.
അവശ്യ സാധനങ്ങൾ മുടക്കം കൂടാതെ നൽകുകയും ചെയ്യും.
ഓരോ വാർഡിലും റോഡ് പുനരുദ്ധാരണത്തിന്
10 ലക്ഷം രൂപവീതം നൽകും.
 ചുണ്ടൻ വള്ളങ്ങളുടെ തുഴച്ചിൽക്കാരെ പരിശീലിപ്പിച്ച് ടീമുകളെ വാർത്തെടുക്കും
പായിപ്പാട് ജലോത്സവത്തിൽ 
മത്സരവിജയിയായ ചുണ്ടന് ഗ്രാമപഞ്ചായത്ത് വക എവറോളിംഗ് ട്രോഫി ഏർപ്പെടുത്തുമെന്നും ബജറ്റിൽ വ്യക്തമാക്കി. 
വിയപുരം ഗ്രാമപഞ്ചായത്തിൽ നടന്ന ബജറ്റ് അവതരണ യോഗത്തിൽ 
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിന്ധുബാലകൃഷണൻ, സ്ഥിരം സമിതി അധ്യക്ഷരായ പി ഡി ശ്യാമള, എൻ ലത്തീഫ്, മായ ജയചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date