Skip to main content

അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ചു

തൃശ്ശൂര്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് എട്ടിന് തൃശ്ശുര്‍ ടൗണ്‍ ഹാളില്‍ അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ചു. ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വനിതാ പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് വിവിധ കലാകായിക പ്രകടനങ്ങള്‍ അരങ്ങേറി. കണ്ടശ്ശാങ്കടവിലെ പ്രാചീന കേരള കളരി സംഘത്തിലെ പെണ്‍കുട്ടികള്‍ അവതരിപ്പിച്ച കളരി അഭ്യാസങ്ങള്‍, കൊടകരയില്‍ നിന്നുള്ള കാവ്യപ്രിയയും സംഘവും അവതരിപ്പിച്ച കളരിമുറകള്‍, പുന്നയൂര്‍ക്കുളത്തുള്ള പെണ്‍കുട്ടികളുടെ തായ്‌കോണ്ടോ, സ്ത്രീകളും പെണ്‍കുട്ടികളും ചേര്‍ന്നുള്ള നാട്യയോഗ എന്നിവ വനിതാദിനാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.

ഈ വര്‍ഷം തൃശ്ശൂര്‍ സബ് ജില്ലയില്‍ എ ഗ്രേഡ് ലഭിച്ച വില്ലടം ഹൈസ്‌കൂളിലെ പെണ്‍കുട്ടികളുടെ ഗ്രൂപ്പ് ഡാന്‍സും പരിപാടിയില്‍ അരങ്ങേറി. ജില്ലയിലെ വിവിധ ഐസിഡിഎസില്‍ നിന്നുള്ള വര്‍ക്കർമാർ, ഹെല്‍പ്പർമാർ എന്നിവരുടെയും വനിതാ, ശിശു വികസന വകുപ്പ് ജീവനക്കാരുടെയും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിബേറ്റ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും കലാ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കുള്ള ഉപഹാരവും ചടങ്ങില്‍ നല്‍കി.

കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്യാമള മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വനിത, ശിശു വികസന ഓഫീസര്‍ പി. മീര സ്വാഗതം പറഞ്ഞു. മുളങ്കുന്നത്തു കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മെറീന ഇഗ്‌നേഷ്യസ്, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ടി.കെ. ഗീത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പുഴക്കല്‍ സി.ഡി.പി.ഒ. സി.ജെ. ശരണ്യ നന്ദി പറഞ്ഞു.

date