Skip to main content

ആരോഗ്യ സംരക്ഷണവും വ്യായാമവും സ്ത്രീകള്‍ ജീവിതചര്യയുടെ ഭാഗമാക്കണം - ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

ശാരീരിക-മാനസിക ആരോഗ്യത്തിന് വനിതകള്‍ പ്രാമുഖ്യം നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ പറഞ്ഞു. ആരോഗ്യ സംരക്ഷണവും വ്യായാമവും സ്ത്രീകള്‍ ജീവിതചര്യയുടെ ഭാഗമാക്കണമെന്നും അതിലൂടെയാണ് ശാക്തീകരണം സാധ്യമാകുകയെന്നും റഫീഖ പറഞ്ഞു. വനിതാ ശിശുവികസന ഓഫീസും ഡിസ്ട്രിക്ട് സങ്കല്‍പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഫോര്‍ വുമണും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല വനിതാ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച നാലു വനിതകളെ ചടങ്ങില്‍ ആദരിച്ചു. മലപ്പുറം മുന്‍സിപ്പൽ കൗണ്‍സിലര്‍ സി.പി. അയിഷാബി ചടങ്ങില്‍ അധ്യക്ഷയായി.

അറുപത്തി ആറാമത്തെ വയസില്‍ പ്ലസ്ടു തുല്യതാ പരീക്ഷ വിജയിച്ച പി.സുമതി, കാലുകൊണ്ടുള്ള ചിത്രരചനയിലൂടെ ശ്രദ്ധേയയായ വി.കെ.സുമയ്യ, പാമ്പ് പിടുത്തം, ഡ്രൈവിങ് പരീശീലക, യൂട്യൂബര്‍ എന്നീ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച ടി.പി. ഉഷ എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലയിലെ പ്രായം കുറഞ്ഞ വനിതാ പൈലറ്റ് ട്രെയിനി ജുമാന മറിയത്തിനു വേണ്ടി മാതാവ് ആദരം ഏറ്റു വാങ്ങി. വനിതാ ശിശു വികസന വകുപ്പ് വനിതാ ദിനത്തിന് മുന്നോടിയായി കോളെജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഡിബേറ്റ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ അലിഗഢ് മുസ്ലിം സര്‍വകലാശാല, ശ്രീശങ്കരാചാര്യ സര്‍വകലാശാല, ഗവണ്‍മെന്റ് കോളെജ് മലപ്പുറം എന്നിവിടങ്ങളിലെ വിദ്യാര്‍ഥി പ്രതിനിധികള്‍ക്കും അധ്യാപകര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. 'സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങളും സമത്വവും' എന്ന വിഷയത്തില്‍ അഡ്വ.സുജാത വര്‍മ ക്ലാസ് നയിച്ചു. ഉച്ചക്കു ശേഷം വനിതകള്‍ക്കായി സിനിമാ പ്രദര്‍ശനവും നടന്നു.

കുന്നുമ്മൽ ദിലീപ് മുഖർജി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ കെ വി ആശാമോൾ, ജില്ലാതല ഐ സി ഡി എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ എന്‍.പി ബിന്ദു, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഷാജിത ആറ്റാശ്ശേരി, വനിതാ ശിശു വികസന വകുപ്പ് സീനിയര്‍ സൂപ്രണ്ട് കെ.ഷീബ, വനിതാ സംരക്ഷണ ഓഫീസര്‍ ടി.എം. ശ്രുതി, ഹബ് ഫോര്‍ എംപവര്‍മെന്റ് ഫോര്‍ വുമണ്‍ കോഡിനേറ്റര്‍ വി.അഞ്ജു, അലിഗഢ് മുസ്ലിം സര്‍വകലാശാലയിലെ എന്‍ എസ് എസ് പ്രോഗാം ഓഫീസര്‍ ഡോ.രാഗുല്‍ വി.രാജന്‍, വനിതാ ശിശു വികസന ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ടി.ടി.ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. കോളെജ് വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ വകുപ്പുകളില്‍ നിന്നുള്ള വനിതാ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

date