ആരോഗ്യവകുപ്പിന്റെ കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാംപയിൻ - ആദ്യഘട്ടം സമാപിച്ചു വനിതാ ദിനത്തിൽ റാലിയും വനിതാ സംഗമവും നടത്തി
മുപ്പതു വയസിന് മുകളിലുള്ള മുഴുവന്‍ സ്ത്രീകളെയും കാന്‍സര്‍ സ്‌ക്രീനിങിന് വിധേയരാക്കി രോഗം ഇല്ലെന്ന് ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് 'ആരോഗ്യം ആനന്ദം' എന്ന പേരില്‍ സംഘടിപ്പിച്ച കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാംപയിന്റെ ആദ്യഘട്ടം സമാപിച്ചു. സമാപന സമ്മേളനവും വനിതാ ദിനത്തോടനുബന്ധിച്ച് മലപ്പുറം ഡി ടി പി സി ഹാളില്‍ നടത്തിയ വനിതാസംഗമവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ക്യാംപയിന്റെ ജില്ലയുടെ ബ്രാന്‍ഡ് അംബാസിഡറായ നടി വിന്‍സി അലോഷ്യസ് സമ്മതപത്രം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുകയ്ക്ക് കൈമാറി.
ക്യാംപയിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ പങ്കെടുത്ത ബോധവല്‍ക്കരണ സന്ദേശ റാലി നടന്നു. റാലി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക ഫ്‌ളാഗ് ഓഫ് ചെയ്തു. എജുക്കയര്‍ ഡെന്റല്‍ കോളേജ് അവതരിപ്പിച്ച ഫ്‌ളാഷ് മോബ് ,സ്‌കിറ്റ് എന്നിവയും നടന്നു.
ചടങ്ങില്‍ ഡോ. രേണുക ആര്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നസീബ അസീസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ്, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. എന്‍.എന്‍ പമീലി, എന്‍ സി ഡി നോഡല്‍ ഓഫീസര്‍ ഡോ. വി.ഫിറോസ് ഖാന്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. കെ കെ പ്രവീണ, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കെ.വി ആശമോള്‍ , ഡി എസ് ഒ ഡോ. സി ഷുബിന്‍, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ പി സാദിഖലി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments