Skip to main content

ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണും: മന്ത്രി കെ.രാജന്‍

ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ എത്തുകയാണെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. 2026 ജനുവരിയോടെ ലാന്‍ഡ് ട്രിബ്യൂണുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.  മലപ്പുറം വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരകഹാളില്‍ നടന്ന ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

2021 മുതല്‍ 24 വരെയുള്ള കാലയളവില്‍ 36662 കുടുംബങ്ങള്‍ മലപ്പുറം ജില്ലയില്‍ ഭൂമിയുടെ ഉടമസ്ഥരായി. എല്ലാ മനുഷ്യരെയും ഭൂമിയുടെ ഉടമകളാക്കുക എന്ന മഹാപ്രക്രിയയാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സത്രം ഭൂമി എന്നറിയപ്പെടുന്ന പയ്യനാട് വില്ലേജിലെ 36.49 ഏക്കര്‍ ഭൂമിയുടെ പട്ടയം നല്‍കുന്നതിലൂടെ ബ്രിട്ടീഷുകാരുടെ അടിച്ചമര്‍ത്തലിനെതിരെ ജനാധിപത്യപരമായ മറുപടിയാണ് കേരളം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.  ഇന്ത്യക്ക് പുറത്തുള്ള പത്തു രാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് നികുതിയടയ്ക്കാനും തരം മാറ്റാനും പോക്കുവരവ് നടത്തുന്നതിനും ഉള്‍പ്പെടെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നാട്ടില്‍ വരാതെയും ബന്ധുക്കളെ ഏല്പിക്കാതെയും നടത്താവുന്ന വിധത്തില്‍ സംവിധാനങ്ങള്‍ മാറുകയാണെന്നും മന്ത്രി പറഞ്ഞു.
6514 പട്ടയങ്ങളാണ് പട്ടയമേളയുടെ ഭാഗമായി ജില്ലയില്‍ കൈമാറുന്നത്. ഇതില്‍ 5303 എല്‍.ടി പട്ടയങ്ങളും 91 എല്‍.എ പട്ടയങ്ങളും 1120 ദേവസ്വം പട്ടയങ്ങളും ഉള്‍പ്പെടുന്നു. പി. ഉബൈദുള്ള എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ കെ.പി.എ മജീദ്, ടിവി ഇബ്രാഹിം, ആബിദ് ഹുസൈന്‍ തങ്ങള്‍, യു.എ ലത്തീഫ്, ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്, എ.ഡി.എം എന്‍.എം മഹറലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

date