വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം: ഭൂമിയുടെ അവകാശികളായി ദേവകിയും കുടുംബവും
ജില്ലാതല പട്ടയമേളയില്‍ മന്ത്രിയുടെ കൈയില്‍ നിന്നും തന്റെ ഭൂമിയുടെ പട്ടയം ലഭിച്ചതോടെ സന്തോഷത്തിലായിരുന്നു നന്നമ്പ്ര സ്വദേശിനി തട്ടാരങ്ങാടി ദേവകി. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഭൂമിയുടെ അവകാശിയായതിന്റെ സന്തോഷം ആ മുഖത്ത് കാണാമായിരുന്നു. നന്നമ്പ്ര പഞ്ചായത്തിലെ പത്ത് കുടുംബങ്ങള്‍ക്കാണ് ഇന്ന് പട്ടയം ലഭിച്ചത്. ഇതില്‍ ദേവകിയുടെ കുടുംബവും ഉള്‍പ്പെടുന്നു. 32 വര്‍ഷമായി 72 കാരിയായ ദേവകി ആ വീട്ടില്‍ കഴിയുന്നു. അന്ന് മുതല്‍ പട്ടയം ലഭിക്കാന്‍ വേണ്ടി കയറാത്ത ഓഫീസുകളില്ല. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് തന്റെ 52ാം വയസ്സില്‍ വിട്ടുപിരിഞ്ഞു. നാല് പെണ്‍ മക്കളും രണ്ട് ആണ്‍ മക്കളും അടങ്ങുന്ന കുടുംബം പട്ടയത്തിന് വേണ്ടി വീണ്ടും ഒരുപാട് അലഞ്ഞു. ഒടുവില്‍ തങ്ങളുടെ നാല് സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചതോടെ ഏറെ സന്തോഷത്തിലാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്. മകള്‍ പുഷ്പവല്ലിയുടെ കൂടെയാണ് ഇവര്‍ പട്ടയ മേളക്ക് എത്തിയത്.
- Log in to post comments