നിരോധനാജ്ഞ ലംഘിച്ചാൽ കർശന നടപടി : ജില്ലാ കളക്ടർ
പീരുമേട് വില്ലേജിലെ നിർദിഷ്ട പ്രദേശങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. നിയമം ലംഘിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച വരെ ഏഴ് പേർക്കെതിരെ എഫ് ഐ ആർ ഇടുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. പരുന്തുംപാറയിൽ സ്വകര്യവ്യക്തി അനധികൃതമായി സ്ഥാപിച്ച കുരിശ് നീക്കം ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തു. സാധാരണക്കാരെ മുന്നിൽനിർത്തി വലിയ കയ്യേറ്റങ്ങൾനടത്തുന്ന വൻകിടക്കാരെ വെളിച്ചത്തുകൊണ്ടുവരുന്നതിന് പോലീസ് ,വിജലൻസ് തുടങ്ങിയ എല്ലാ സംവിധാനങ്ങളെയും ഉപയോഗിക്കുമെന്ന് കളക്ടർ അറിയിച്ചു. പലപ്പോഴും കർഷകരടക്കമുള്ള സാധാരണക്കാർ കബളിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. പരിശോധന നടക്കുമ്പോൾ നിയമത്തിന്റെ മുന്നിലെത്തുകയും ശിക്ഷ ലഭിക്കുകയും ചെയ്യുന്നത് ഇവർക്കാണ്. ഇടുക്കിയുടെ വലിയ സാധ്യതയായ ടൂറിസം മേഖലയെ തകർക്കുന്ന ശക്തികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കളക്ടർ പറഞ്ഞു.
സർക്കാർ ഭൂമിയിലെ അനധികൃതകൈയ്യേറ്റം, സംഘർഷ സാധ്യത എന്നിവ കണക്കിലെടുത്താണ് പീരുമേട് വില്ലേജിലെ സർവ്വെ നം 534, മഞ്ചുമല വില്ലേജിലെ സർവ്വെ നം 441, വാഗമൺ വില്ലേജിലെ സർവ്വെ നം 724, 813, 896 എന്നിവിടങ്ങളിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 163-ാ ം വകുപ്പ് പ്രകാരം മെയ് രണ്ടാം തീയതി അർധരാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുളളത്.
നിരോധനാജ്ഞ ലംഘനം (ഭാരതീയ ന്യായ സംഹിത ,ബി എൻ എസ് എസ് 163) - ശിക്ഷ ഇങ്ങനെ
മനുഷ്യജീവന് ഹാനിയോ, പൊതുജന സുരക്ഷയ്ക്കോ, പൊതു സമാധാനത്തിന് തടസമോ ഉടലെടുക്കുന്ന സാഹചര്യത്തിലാണ് ജില്ലാ മജിസ്ട്രേറ്റിൻ്റെ ചുമതലയുള്ള ജില്ലാ കളക്ടർ ഭാരതിയ നാഗരിക് സുരക്ഷാ സംഹിത 163 വകുപ്പ് (പഴയ CRPC 144) പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്.
ബി എൻ എസ് 223(പഴയ IPC 188)
ഉത്തരവിൻ്റെ ലഘനം വഴി ആറ് മാസത്തിൽ അധികരിക്കാത്ത തടവോ, 2500 രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. പൊതുജനങ്ങളുടെ ജീവനും, സുരക്ഷയ്ക്കും ഹാനികരമായ പ്രവർത്തനങ്ങൾ, സംഘർഷം (അടികലശൽ) എന്നിവയുണ്ടായാൽ ഒരു വർഷം വരെ തടവും 5000 രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുംകൂടിയോ ശിക്ഷയായി ലഭിക്കും.
അനധികൃത കെട്ടിട നിർമ്മാണങ്ങൾക്കെതിരെ കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾസ് പ്രകടമാകും നടപടി
അനധികൃത കയ്യേറ്റങ്ങൾക്കെതിരെ കേരള ലാൻഡ് കൺസർവൻസി ചട്ടങ്ങൾ പ്രകാരവും നടപടി ഉണ്ടാകും.
- Log in to post comments