Skip to main content

ഖാദി മേഖലയുടെ സമഗ്ര വികസനം സാധ്യമാക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കളക്ടറേറ്റ് ഗ്രൗണ്ടില്‍ ഖാദി ഫെസ്റ്റ് 2025 ന് തുടക്കം

 

ഖാദി മേഖലയുടെ സമഗ്ര വികസനം സാധ്യമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ സഹകരണത്തോടെ കളക്ടറേറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരിക്കുന്ന 'ഖാദി ഫെസ്റ്റ് 2025' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

ഖാദി മേഖലയില്‍ തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം ഉറപ്പാക്കേണ്ടതുണ്ട്. വില്‍പ്പന വര്‍ദ്ധനവിലൂടെ മാത്രമെ അത് സാധ്യമാവുകയുള്ളൂ. ആധുനികവല്‍ക്കരണവും അടിസ്ഥാന സൗകര്യ വികസനവും ആവശ്യമാണ്. കക്ഷി രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ ഈ രംഗത്തിന്റെ പുനരുജീവന പ്രവര്‍ത്തനങ്ങല്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കണം. അതിനായി ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും പരിധിയില്ലാത്ത പിന്തുണ ഉണ്ടാകും. 300 തൊഴിലാളികളാണ് ഇപ്പോള്‍ 28 യൂണിറ്റുകളിലായുള്ളത്. ഖാദി മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് ജില്ലാ പഞ്ചായത്ത് സഹായം നല്‍കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.   

 

പൊതു സമൂഹത്തിന്റെ പിന്തുണ ആവശ്യമുള്ള പരമ്പരാഗത മേഖലയാണ് ഖാദി എന്നും സര്‍ക്കാര്‍ ജീവനക്കാര്‍ ആഴ്ചയില്‍ ഒരിക്കല്‍ ഖാദി ധരിക്കാന്‍ ശ്രദ്ധിക്കണമെന്നും ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് പറഞ്ഞു. പരമാവധി പേര്‍ ഫെസ്റ്റില്‍ പങ്കെടുത്ത് ഉല്‍പ്പന്നങ്ങള്‍ വാങ്ങണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

 

ഖാദിയുടെ പ്രചാരവും വിപണനവും കൂട്ടി ഖാദി തൊഴിലാളികളുടെ വരുമാന വര്‍ദ്ധനവ് സാധ്യമാക്കുന്നതിനായി എറണാകുളം ജില്ലാ പഞ്ചായത്ത് 2024 - 2025 വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുത്തിട്ടുളള വിവിധ പദ്ധതികളുടെ ഭാഗമായാണ് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ സഹകരണത്തോടെ ഖാദി ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന മേള മാര്‍ച്ച് 15 ന് അവസാനിക്കും. ഫെസ്റ്റില്‍ ഖാദി തുണിത്തരങ്ങളുടെ പ്രദര്‍ശനവും വിപണനവും, ഖാദി യന്ത്രങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റും ഉണ്ട്. 

 

ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എല്‍സി ജോര്‍ജ്ജ് അധ്യക്ഷയായി. അലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സനിതാ റഹിം, കെ.ജി ഡോണോ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലിസി അലക്‌സ്, ഷൈനി ജോര്‍ജ്ജ്, ഷൈമി വര്‍ഗീസ്, കെ.വി രവീന്ദ്രന്‍, അഡ്വ. എം.ബി ഷൈനി ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം ഷഫീഖ്, അലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍ രാധാകൃഷ്ണന്‍, ഖാദി ഗ്രാമവസായ ബോര്‍ഡ് ജില്ലാ പ്രോജക്ട് ഓഫീസര്‍ എസ്.ഷിഹാബുദ്ദീന്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

ഖാദി ഫെസ്റ്റിനോടനുബന്ധിച്ച് ജില്ലയിലെ ഖാദി തൊഴിലാളികളുടെ സംഗമവും മികച്ച ഖാദി യൂണിറ്റുകള്‍ക്കും, മികച്ച തൊഴിലാളികള്‍ക്കുമുള്ള അവാര്‍ഡ് വിതരണവും മാര്‍ച്ച് 14 വെള്ളിയാഴ്ച 2.30 ന് ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടക്കും.

date