ചൂടുകൂടുന്നു; ശക്തമായ മുൻകരുതൽ വേണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിട്ടി
ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിലധികം കാലാവസ്ഥാ മാപിനികളിൽ ഉയർന്ന അന്തരീക്ഷ താപനില 37 ഡിഗ്രിയിലധികം രേഖപ്പെടുത്തിയ സാഹചര്യത്തിൽ ജില്ല ദുരന്തനിവാരണ അതോറിട്ടിയുടെ അടിയന്തര യോഗം ജില്ല കളക്ടർ അലക്‌സ് വർഗ്ഗീസിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്നു. ചൂട് ഉയരുന്ന സാഹചര്യത്തിൽ എല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ല കളക്ടർ യോഗത്തിൽ പറഞ്ഞു.
കുടിവെള്ളം അടിയന്തരമായി വിതരണം ചെയ്യണം
വേനൽ കനക്കുന്ന സാഹചര്യത്തിൽ കുടിവെള്ളക്ഷാമം ഉള്ള പഞ്ചായത്തുകളിൽ അടിയന്തരമായി കുടിവെള്ളം വിതരണം നടത്താൻ കളക്ടർ നിർദ്ദേശം നൽകി.
ഇതുസംബന്ധിച്ച്് പഞ്ചായത്തുകൾക്ക് പണം ചെലവഴിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്.
തീപിടിക്കാനുള്ള സാധ്യത ഒഴിവാക്കണം
ചൂട് ഉയരുന്നതിനൊപ്പം തന്നെ വയലുകൾ, പുല്ലുനിറഞ്ഞ പറമ്പുകൾ,മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന തുറസ്സായ സ്ഥലങ്ങളിലുണ്ടാകുന്ന തീപ്പിടുത്ത സംഭവങ്ങളും ജില്ലയിൽ കൂടിയിട്ടുണ്ട്. ഇത്തരം സാധ്യതകൾ ഒഴിവാക്കണം. കുട്ടനാട്ടിലും മറ്റ് വയലുകൾ ഉള്ള പ്രദേശങ്ങളിലും കച്ചി കത്തിക്കുന്നത് തീ പടരുന്നതിന് ഇടയാക്കും. ഈ സാഹചര്യം ഒഴിവാക്കണമെന്ന് ഡി.ഡി.എം.എ യോഗം നിർദ്ദേശിച്ചു.
കുടിവെള്ള വിതരണവുമായി ബന്ധപെട്ട് തദ്ദേശ സ്വയം ഭരണ വകുപ്പ് കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ പ്രശ്‌ന പരിഹാരത്തിനായി തനത് /പ്ലാൻ ഫണ്ടിൽ നിന്നും തുക വിനിയോഗിക്കാവുന്നതാണെന്ന ഉത്തരവ് പാലിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു.
തീ പിടിക്കുന്ന തരത്തിലുള്ള മാലിന്യക്കൂമ്പാരങ്ങൾ ഒഴിവാക്കണം
തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ പ്രധാന മാർക്കറ്റുകൾ, കവലകൾ, ബസ് സ്റ്റാൻഡ് തുടങ്ങി ആളുകൾ കൂടുതൽ സമയം ചെലവഴിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ തീ പിടിക്കുന്ന വിധത്തിൽ മാലിന്യക്കൂമ്പാരം ഉണ്ടെങ്കിൽ പരിശോധിച്ച് നീക്കം ചെയ്യും.
തണ്ണീർ പന്തലുകൾ സ്ഥാപിക്കാം
കവലകൾ, ബസ് സ്റ്റാൻഡ്, ഓഫീസുകൾ, കടകൾ എന്നിവിടങ്ങളിൽ കുടിവെള്ളത്തിനായി തണ്ണീർ പന്തലുകൾ സ്ഥാപിക്കാം.ഹോട്ടലുടമകൾ, സാമൂഹിക-സാംസ്‌കാരിക, യുവജന സംഘടനകൾ എന്നിവയുമായെല്ലാം സഹകരിച്ചു കൊണ്ട് യാത്രക്കാർക്ക് ഉൾപ്പെടെ ശുദ്ധമായ കുടിവെള്ള ലഭ്യത വ്യാപകമായി എല്ലായിടത്തും ഉറപ്പാക്കാൻ സഹകരിക്കണമെന്ന് ഡി.ഡി.എം.എ നിർദ്ദേശിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണം. ചൂട് മൂലമുള്ള അപകട സാധ്യതകളെക്കുറിച്ചും സുരക്ഷിതമായ രീതികളെക്കുറിച്ചും ആളുകൾ അറിഞ്ഞിരിക്കണം.ബോധവൽക്കരണ പരിപാടിക്ക് ആവശ്യമായ സാങ്കേതിക സഹായം ഡി.ഡി.എം.എയിൽ നിന്നും നല്കുന്നതാണ.്
വൃക്ഷങ്ങളും തണലും ഉള്ള പൊതുസ്ഥലങ്ങൾ, പാർക്കുകൾ തുടങ്ങിയവ വിശ്രമത്തിനായി പൊതുജനങ്ങൾക്ക് രൂക്ഷമായ ചൂട് അനുഭവപ്പെടുന്ന 11 മണി മുതൽ 3 മണി വരെ തുറന്ന് കൊടുക്കേണ്ടതാണ്. കൂടാതെ പുറം ജോലിക്കാർക്ക് 11 മുതൽ മൂന്നുമണി വരെയുള്ള ജോലി നിയന്ത്രണം പാലിക്കണം. സൂര്യാഘാതം പോലുള്ളവയ്ക്കുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ സർവെയ്ൻസ് ടീമിനെ ഉണ്ടാക്കുകയും ചൂട് കൂടുതൽ ബാധിക്കാനിടയുള്ള വിഭാഗങ്ങളെ കേന്ദ്രീകരിച്ച് കൊണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും വേണം.
പഞ്ചായത്തുകള് തീപിടുത്ത സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തി ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കണം.
വിവിധ ഇടങ്ങളിൽ മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടി ഇടുന്നത് തീ പിടുത്തത്തിന് കാരണമാകുന്നതായി റിപ്പോർട്ടുചെയ്തുവരുന്ന സാഹചര്യത്തിൽ ബന്ധപെട്ട സ്ഥാപങ്ങൾക്ക് തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾ നോട്ടീസ് നൽകി നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചു. ജലസംഭരണികൾ ശുചീകരിക്കുക ,കുളങ്ങൾ ,തോടുകൾ എന്നിവ സംരക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങൽ ശക്തമാക്കണം.
മൽസ്യതൊഴിലാളികൾക്കായി താൽക്കാലിക വിശ്രമ കേന്ദ്രങ്ങൾ ഒരുക്കണം. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ സംബന്ധിച്ച് അവർക്കിടയിൽ ബോധവൽക്കരണം നടത്തണം.
തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ സമയം 11 മുതൽ 3 മണി വരെ പുനഃക്രമീകരിക്കണം നടത്തിയിട്ടുണ്ടന്നു ഉറപ്പ് വരുത്തുകയും തൊഴിൽ സ്ഥലങ്ങളിൽ താൽക്കാലിക വിശ്രമ സൗകര്യവും കുടിവെള്ള ലഭ്യതയും ഉറപ്പാക്കാനും നിർദ്ദേശം നൽകി.
ടൂറിസം കേന്ദ്രങ്ങളിൽ ചൂടുമായി ബന്ദപെട്ട് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
കൊയ്ത്ത് നടക്കുന്നതിനാൽ പാടശേഖര സമിതികളുമായി ചേർന്ന് സമയക്രമീകരണം നടത്തുകയും താൽക്കാലിക വിശ്രമ സൗകര്യവും കുടിവെള്ള ലഭ്യതയും ഉറപ്പാക്കണ്ടെതുമാണ്
ഉത്സവകാലം സജീവമായ ഈ സമയത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആനയിടഞ്ഞുള്ള അപകടങ്ങളും വെടിക്കെട്ടപകടങ്ങളും റിപ്പോർട്ട് ചെയ്യാൻ സാധ്യതയുള്ള സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള കർശനമായ നിർദ്ദേശങ്ങൾ ദുരന്തനിവാരണ അതോറിറ്റിയുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ക്ഷേത്ര /പള്ളി ആഘോഷ കമ്മിറ്റികൾക്ക് നൽകും.
സൂര്യാഘാതം, സൂര്യാതപം തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന രോഗികളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതും അത്തരം കേസുകൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് ചെയ്യേണ്ടതുമാണ്
സ്‌ക്കൂളുകളിൽ കുട്ടികളെ വെയിലത്ത് നിർത്തിയുള്ള അസ്സംബ്ലികൾ, ഘോഷയാത്രകൾ തുടങ്ങിയവ ഒഴിവാക്കുകയും പരീക്ഷാ കാലം ആയതിനാൽ ഹാളുകളിൽ കുടിവെള്ളം ഉറപ്പാക്കേണ്ടതുമാണ.്
ഇതുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിൽ എമർജൻസി ഓപ്പറേഷൻ സെന്റർ പ്രവർത്തിക്കും. ചൂടുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ജീവനും സ്വത്തിനും ബുദ്ധിമുട്ട് ഉണ്ടാകുന്ന സംഭവങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്യാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. യോഗത്തിൽ ജില്ല ദുരന്ത നിവാരണ അതോറിട്ടി അംഗങ്ങൾ, വിവിധ വകുപ്പ് മേധാവികൾ, ദുരന്ത നിവാരണ അതോറിട്ടി ഡെപ്യൂട്ടി കളക്ടർ സി.പ്രേംജി തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments