'വർണ്ണപ്പകിട്ട്' ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് 16 ന് തുടങ്ങും
ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുസമൂഹത്തിൽ അവരുടെ ദൃശ്യതയും സ്വീകാര്യതയും വർദ്ധിപ്പിക്കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന നാലാമത് 'വർണ്ണപ്പകിട്ട്' ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് മാർച്ച് 16. 17 തീയതികളിൽ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ട്രാൻസ്‌ജെൻഡർ ക്ഷേമത്തിന്റെ ഭാഗമായി തുടക്കം കുറിച്ച ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ കലാസംഘമായ അനന്യത്തിന്റെ ആദ്യ അവതരണവും വർണ്ണപ്പകിട്ട് ഫെസ്റ്റിൽ സംഘടിപ്പിക്കും. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ആദരമർപ്പിക്കുന്ന വേദി കൂടിയാകും വർണ്ണപ്പകിട്ട് ട്രാൻസ്‌ജെൻഡർ ഫെസ്റ്റ്. വരുംവർഷങ്ങളിൽ വർണ്ണപ്പകിട്ട് ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് പുതിയ രൂപഭാവങ്ങളോടെ വിപുലമാക്കുമെന്നും കലോത്സവ മാതൃകയിൽ അടുത്ത ഫെസ്റ്റ് ആഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിൽ കോഴിക്കോട് ജില്ലയിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.
ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള നയം രൂപീകരിച്ചു നടപ്പിലാക്കിയ ഇന്ത്യയിലെ അദ്യ സംസ്ഥാനമാണ് കേരളം. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണം, സാമൂഹ്യസുരക്ഷ, പുനരധിവാസം. ക്ഷേമം എന്നിവയ്ക്കായി 2025 - 2026 സാമ്പത്തിക വർഷത്തേക്ക് വിപുലമായ പ്രവർത്തനരേഖ തയ്യാറാക്കിയിട്ടുണ്ട്.
കേരള നോളജ് ഇക്കോണമി മിഷൻ നടപ്പാക്കുന്ന പ്രൈഡ് പദ്ധതിയുടെ ഭാഗമായി ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് പ്രത്യേക പരിശീലനപദ്ധതി നടപ്പാക്കും. വിജ്ഞാനതൊഴിൽ രംഗത്ത് അവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയുടെ ഭാഗമായി നാലു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് ഓപ്പറേഷൻ പരിശീലന പരിപാടിയാണ് നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ 10 പേർക്കാണ് പരിശീലനം നൽകുന്നത്. നോളജ് ഇക്കോണമി മിഷന്റെ ട്രെയിനിങ് പാർട്ട്ണറായ അസാപ് കേരള ജിഎംആർ ഏവിയേഷൻ അക്കാദമിയുമായി ചേർന്നാണ് പരിശീലനം നൽകുന്നത്. ഏപ്രിലിൽ കോഴ്‌സ് ആരംഭിക്കുമെന്നും പദ്ധതിക്കായി 7.98 ലക്ഷം രൂപ സാമൂഹ്യ നീതി വകുപ്പ് അനുവദിച്ചതായും മന്ത്രി അറിയിച്ചു.
ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ദൈനംദിന അതിജീവനം ആഗോളതലത്തിൽ വെല്ലുവിളികൾ നിറഞ്ഞതാകുന്ന സാഹചര്യത്തിൽ കേരളം വ്യത്യസ്തമായ മാതൃകയൊരുക്കുകയാണ്. സാമൂഹ്യനീതി വകുപ്പിന്റെ മേൽനോട്ടത്തിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കാനും തുല്യനീതി ഉറപ്പാക്കാനും അവരുടെ പൊതുസ്വീകാര്യതയും ദൃശ്യതയും വർദ്ധിപ്പിക്കാനും ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങളാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ നടത്തിവരുന്നത്. ഇക്കഴിഞ്ഞ കാലത്തിനിടയിൽ സംഭവിച്ച മാറ്റങ്ങളും മുന്നേറ്റങ്ങളും വിലയിരുത്തി നൂതനമായ നിർദേശങ്ങളും ആശയങ്ങളും ക്രോഡീകരിച്ച് കാലോചിതമായി ട്രാൻസ്‌ജെൻഡർ നയം പരിഷ്‌കരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പരിഷ്‌കരിച്ച ട്രാൻസ്‌ജെൻഡർ നയം വർണ്ണപ്പകിട്ട് 2025 - 2026 വേദിയിൽ പ്രകാശനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് എറണാകുളം കേന്ദ്രമായി സജ്ജമാക്കിയിട്ടുള്ള ട്രാൻസ്‌ജെൻഡർ ക്രൈസിസ് ഇന്റർവെൻഷൻ സെന്ററിന്റെ പ്രവർത്തനോദ്ഘാടനം ഏപ്രിലിൽ നിർവ്വഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിയമസഭാ മീഡിയ റൂമിൽ നടന്ന വാർത്താസമ്മേളനത്തിൽ അനന്യം കലാസംഘത്തിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു.
16 ന് വൈകിട്ട് നാലു മണിക്ക് മാനവീയം വീഥിയിൽ ആരംഭിക്കുന്ന ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് വിളംബരഘോഷയാത്ര കനകക്കുന്നിൽ സമാപിക്കും. വർണ്ണപ്പകിട്ട് ട്രാൻസ്‌ജെൻഡർ ഫെസ്റ്റിന്റെയും, അനന്യം കലാസംഘത്തിന്റെയും ഔപചാരിക ഉദ്ഘാടനം വൈകിട്ട് 6:30 ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും. വി കെ പ്രശാന്ത് എംഎൽഎ അദ്ധ്യക്ഷത വഹിക്കും. മാർച്ച് 17 ന് രാവിലെ 11 മണി മുതൽ, വിവിധ ജില്ലകളിൽ നിന്നുമുള്ള വന്നെത്തുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ വ്യത്യസ്തങ്ങളായ കലാപരിപാടികൾ വേദിയിൽ അരങ്ങേറും.
പി.എൻ.എക്സ് 1106/2025
- Log in to post comments