വിജ്ഞാനകേരളം ശിൽപശാല
വിജ്ഞാന കേരളം തൊഴിൽദായക പദ്ധതി ജില്ലാതല റിസോഴ്സ് പേഴ്സൺമാർക്കായി സംഘടിപ്പിച്ച ജില്ലാതല ശിൽപശാലയിൽ വിജ്ഞാനകേരളം മുഖ്യ ഉപദേഷ്ടാവ് ഡോ. ടി.എം തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി. വിജ്ഞാനകേരളം: സമ്പദ് വ്യവസ്ഥ, നൈപുണ്യവികസന ക്യാമ്പയിൻ എന്നീ വിഷയങ്ങളിൽ അദ്ദേഹം ക്ലാസെടുത്തു. ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിജ്ഞാന കേരളം പദ്ധതിക്ക് കെ ഡിസ്‌കാണ് സാങ്കേതിക സഹായം നൽകുന്നത്. നൂതന സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കി സ്റ്റാർട്ടപ്പുകൾ വഴി വൈജ്ഞാനിക വ്യവസായങ്ങൾക്ക് അന്തരീക്ഷമൊരുക്കലും പദ്ധതിയുടെ ഭാഗമാണ്. ഡി.ഡബ്ല്യു.എം.എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയാണ് ഇതിലെ ആദ്യപടി. പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സൺമാർ ഇതിന് മുൻകൈയെടുക്കും. തുടർന്ന് ജോബ്‌സ്റ്റേഷൻ മുഖേന തൊഴിലന്വേഷകരെ തൊഴിൽ ദാതാക്കളുമായി ബന്ധിപ്പിക്കും. 17 ലക്ഷത്തോളം പേർ ഇതിനകം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്കാദമിക വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് തൊഴിലിന് അനുയോജ്യമായ നൈപുണ്യപരിശീലനം നൽകുകയെന്നതും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയാണ് നൈപുണ്യ പരിശീലനങ്ങൾ സംഘടിപ്പിക്കുന്നത്.
ഡി.പി.സി ഹാളിൽ നടന്ന ശിൽപശാലയിൽ തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ അധ്യക്ഷനായി. ഡിജിറ്റൽ വർക്ക് സ്പേസ് മാനേജ്മെന്റ് സിസ്റ്റം (ഡി.ഡബ്യു.എം.എസ്) സംബന്ധിച്ച് കെ-ഡിസ്‌ക് പ്രോഗ്രാം മാനേജർ സിബി അക്ബർ അലിയും കണക്ടിങ് തളിപ്പറമ്പ് കോ-ഓർഡിനേറ്റർ ലിഷ ബിനോയിയും ക്ലാസെടുത്തു.
തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടർ ഡോ. എം. സുർജിത്, കില ജില്ലാ ഫെസിലിറ്റേറ്റർ പി.വി രത്നാകരൻ, കെ.ഡിസ്‌ക് ഡി.പി.എം ജി.പി സൗമ്യ എന്നിവർ സംസാരിച്ചു. ജില്ലയിലെ എല്ലാ ബ്ലോക്കുകളിൽ നിന്നുമായി 180 ലധികം പേർ പരിശീലനത്തിൽ പങ്കെടുത്തു.
- Log in to post comments