സിനിമ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപാധി കൂടിയാണ് :മന്ത്രി കെ.എന്‍ ബാലഗോപാല്‍ ത്രിദിന ചലച്ചിത്ര ശില്‍പ്പശാല സമാപിച്ചു
ഏറ്റവും ജനസ്വാധീനമേറിയ കലയായ സിനിമ, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ശക്തമായ ഒരു മാധ്യമം കൂടിയാണെന്ന് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. ചലച്ചിത്രപ്രവര്‍ത്തകരുടെ വീക്ഷണത്തിലൂടെ മാനുഷിക പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും അവ പ്രതിപാദിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയും വേണം. ജനകീയപ്രശ്നങ്ങള്‍ കലാരൂപത്തില്‍ ആവിഷ്കരിക്കപ്പെടുമ്പോള്‍ ഗഹനമായ പല പ്രതിസന്ധികളും കൂടുതല്‍ മനസ്സിലാക്കാനും പരിഹാരമാര്‍ഗങ്ങള്‍ ആരായാനും കഴിയുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി കിലയുടെ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്) സഹകരണത്തോടെ നടത്തിയ ത്രിദിന ചലച്ചിത്രശില്പ്പശാലയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മാര്‍ച്ച് 13,14,15 തീയതികളില്‍ കൊട്ടാരക്കരയിലെ കില ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് സെന്ററില്‍ നടന്ന ശില്‍പ്പശാല മന്ത്രി കെ.എന്‍ ബാലഗോപാല്‍ ആവിഷ്കരിച്ച സമഗ്ര കൊട്ടാരക്കര എന്ന പദ്ധതിയുടെ സാംസ്കാരിക സംരംഭമാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പടെ 90 പേര് ക്യാമ്പില്‍ പങ്കെടുത്തു.
സമാപനച്ചടങ്ങില്‍ മന്ത്രി ബാലഗോപാല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിച്ചു. ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. ചിറ്റുമല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ്, കില ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്പ്മെന്റ് സെന്റര്‍ ഡയറക്ടര്‍ വി.സുദേശന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ക്യാമ്പ് ഡയറക്ടറും സംവിധായകനുമായ ഷെറി ഗോവിന്ദന് എന്നിവര്‍ പങ്കെടുത്തു.
ശില്‍പ്പശാലയുടെ ഭാഗമായി ജനാധിപത്യമൂല്യങ്ങള്‍, ലിംഗസമത്വം, ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂന്നിയ സിനിമകളുടെ പ്രദര്‍ശനവും സംവാദവും സംഘടിപ്പിച്ചു. ആദ്യദിനമായ വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് നടന്ന സെഷനില്‍ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗം ഡോ. ഷിജുഖാന് 'അധികാരവും ജനാധിപത്യവും' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. ചടങ്ങില്‍ കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്മാന് കെ.ഉണ്ണികൃഷ്ണമേനോന്‍, കില ഡയറക്ടര്‍ വി.സുദേശന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, ക്യാമ്പ് ഡയറക്ടര്‍ ഷെറി ഗോവിന്ദന്, ഓച്ചിറ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുമാരി, കരീപ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ എന്നിവര്‍ പങ്കെടുത്തു. ക്യാമ്പംഗങ്ങള്‍ സ്വയം പരിചയപ്പെടുത്തി സംസാരിച്ചു. തുടര്‍ന്ന് മുഹ്സിന് മഖ്മല്‍ ബഫിന്റെ 'ദ പ്രസിഡന്റ്' എന്ന സിനിമയുടെ പ്രദര്‍ശനവും സംവാദവും നടന്നു. ഒരു ഏകാധിപതിയെക്കൊണ്ട് ജനങ്ങള്‍ ജനാധിപത്യത്തിനുവേണ്ടി നൃത്തം ചെയ്യിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
രണ്ടാംദിനമായ വെള്ളിയാഴ്ച രാവിലെ ചൈതന്യ തംഹാനെയുടെ മറാത്തി ചിത്രമായ 'കോര്‍ട്ട്' പ്രദര്‍ശിപ്പിച്ചു. മതിയായ സുരക്ഷാ കവചങ്ങളില്ലാതെ നഗരത്തിലെ ഓടയിലിറങ്ങി ജോലി ചെയ്ത ഒരാള്‍ വിഷവാതകം ശ്വസിച്ച് മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു ദലിത് ആക്റ്റിവിസ്റ്റില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുന്ന വ്യവസ്ഥിതിയെ തുറന്നുകാട്ടുകയാണ് ഈ ചിത്രം . പ്രദര്‍ശനത്തെ തുടര്‍ന്ന് വിശദമായ സംവാദം നടന്നു.
തുടര്‍ന്ന് ആര്. പാര്‍വതീദേവി 'അധികാരവും ലിംഗസമത്വവും' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. ക്യാമ്പ് അംഗങ്ങളുമായി സംവദിക്കുകയും ചെയ്തു. വൈകിട്ട് കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് നിര്‍മ്മിച്ച് ശ്രുതി ശരണ്യം സംവിധാനം ചെയ്ത 'ബി.32 മുതല്‍ 44 വരെ' എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. അഞ്ച് സ്ത്രീകളും ഒരു ട്രാന്‍സ്മാനും നേരിടുന്ന ജീവിതപ്രതിസന്ധികള്‍ അവതരിപ്പിക്കുന്ന ചിത്രമാണിത്.
മൂന്നാം ദിനമായ ശനിയാഴ്ച രാവിലെ 'ജനക്ഷേമപ്രവര്‍ത്തനങ്ങളിലെ ഭരണകൂട കുരുക്കുകള്‍' എന്ന വിഷയത്തില്‍ കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ് സംസാരിച്ചു. തുടര്‍ന്ന് കെന്‍ ലോച്ച് സംവിധാനം ചെയ്ത 'ഐ ഡാനിയേല്‍ ബ്ളേക്ക്' എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു. ശില്‍പ്പശാലയില്‍ എല്ലാ ചിത്രങ്ങളും മലയാളം ഉപശീര്‍ഷകങ്ങളോടെയാണ് പ്രദര്‍ശിപ്പിച്ചത്.
- Log in to post comments