Skip to main content
..

ലോക ഉപഭോക്തൃ അവകാശദിനാചരണം: 'സുസ്ഥിര ജീവിത ശൈലിയിലേക്കുള്ള ശരിയായ മാറ്റം'

 

ജില്ലാതല ലോക ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി കലക്ടറേറ്റ് ആത്മാ ഹാളില്‍ വച്ച് നടന്ന പൊതു സമ്മേളനവും സെമിനാറും ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്  ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജ് ആര്‍. ജിഷ മുകുന്ദന്‍ അധ്യക്ഷത വഹിച്ചു.   ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അഡ്വ. ബോറിസ് പോളിന്റെ നേതൃത്വത്തില്‍ 'സുസ്ഥിര ജീവിത ശൈലിയിലേക്കുള്ള ശരിയായ മാറ്റം' എന്ന വിഷയത്തില്‍  സെമിനാര്‍ സംഘടിപ്പിച്ചു.
സാധനങ്ങള്‍ വാങ്ങുമ്പോഴും സേവനങ്ങള്‍ ഉപയോഗിക്കുമ്പോഴും ഗുണമേ•യും ന്യായവിലയും ഉറപ്പുവരുത്തുന്നതിനുള്ള അവകാശം ഉപയോക്താവിനുണ്ട്. ഇതിനെ കുറിച്ച് ഉപഭോക്താക്കള്‍ക്കു ബോധവല്‍ക്കരണം നല്‍കുന്നതിനായാണ് മാര്‍ച്ച് 15 ലോക ഉപഭോക്തൃ അവകാശ ദിനമായി ആചരിച്ചുവരുന്നത്.  
ജില്ലാ തലത്തില്‍ സ്‌കൂള്‍, കോളേജ് കണ്‍സ്യൂമര്‍ ക്ലബ്ബ് അംഗങ്ങള്‍, ലോ കോളേജ് വിദ്യാര്‍ത്ഥികള്‍, ഉപഭോക്തൃ സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവര്‍ക്ക് ബോധവത്ക്കരണം  ലഭ്യമാക്കും.  
പൊതു വിതരണ വകുപ്പിന്റെ സേവനങ്ങളെപ്പറ്റിയും നിയമനിര്‍ദേശങ്ങളെപ്പറ്റിയും അവബോധം നല്‍കുന്നതിന് സഹായകമായ വിവരങ്ങളോട് കൂടിയ പ്രസിദ്ധീകരണങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക്  വിതരണം ചെയ്തു.   'ഉണരൂ ഉപഭോക്താവേ ഉണരൂ' എന്ന മുദ്രാവാക്യവുമായി ഉപഭോക്തൃകാര്യവകുപ്പ് ജനങ്ങളുടെ എല്ലാം ആവശ്യങ്ങള്‍ക്കും സഹായകമായി  ഉണ്ടാകുമെന്ന് പരിപാടി ഓര്‍മ്മിപ്പിച്ചു.
'സുസ്ഥിര ജീവിത ശൈലിയിലേക്കുള്ള ശരിയായ മാറ്റം' എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ ഉപഭോക്താക്കളുടെയും ദൈനംദിന ജീവിതത്തില്‍ ഉണ്ടാകുന്ന ശീലങ്ങള്‍,   റെഡ്യൂസ്, റീ യൂസ്, റിസൈക്കിള്‍ എന്നിവയുടെ പ്രാധാന്യം  എന്നിവയെ കുറിച്ച് വിശദീകരിച്ചു. ഭക്ഷണ മാലിന്യം കുറയ്‌ക്കേണ്ട ആവശ്യം, സമൂഹത്തില്‍ ഉണ്ടാകുന്ന രാസവസ്തു പ്രയോഗം, വസ്ത്രദാനം, പുനരുപയോഗ ഊര്‍ജ്ജം, പ്രാദേശിക ഉത്പന്നങ്ങളുടെ പ്രധാന്യം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച് ചെയ്തു.
 ജില്ലാ സപ്ലൈ ഓഫീസര്‍ എസ്. ഒ. ബിന്ദു സ്വാഗതം നടത്തിയ പരിപാടിയില്‍ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ്‌റ് കമ്മീഷണര്‍ റ്റി.എസ് വിനോദ് കുമാര്‍, ലീഗല്‍ ട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ എല്‍. സാന്ദ്രാ ജോണ്‍, കേരള സംസ്ഥാന ഉപഭോക്തൃ സമിതി വൈസ് പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ്, കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് കേരള പ്രസിഡന്റ് അഡ്വ. ജി. വിജയകുമാര്‍,  കരുനാഗപ്പള്ളി താലൂക്ക് കണ്‍സ്യൂമര്‍ കൗണ്‍സില്‍ പ്രസിഡന്റ് ആലുംപീടിക സുകുമാരന്‍, കുന്നത്തൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സുജ തുടങ്ങിയവര്‍ പങ്കെടുത്തു.
 (പി.ആര്‍.കെ നമ്പര്‍ 748/2025)

date