സ്നേഹിത' പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെൻററുകൾ പ്രവർത്തനം തുടങ്ങി
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ മിഷനും ആഭ്യന്തര വകുപ്പും സംയുക്തമായി നടപ്പാക്കുന്ന 'സ്നേഹിത' പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെൻററുകൾ എറണാകുളം ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിലെ സെൻററുകളുടെ ഉദ്ഘാടനം വിവിധ കേന്ദ്രങ്ങളിൽ എംഎൽഎ മാർ, ജില്ലാ കളക്ടർ, നഗരസഭ അധ്യക്ഷന്മാർ മുതലായവർ നിർവഹിച്ചു. പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകാനെത്തുന്നവർക്ക് മാനസിക പിന്തുണയും കൗൺസിലിങ് സേവനങ്ങളും നൽകും.
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയുക, ഇരകളായവർക്ക് അടിയന്തര മാനസിക പിന്തുണയും നിയമാവബോധവും നൽകുക, അവരെ സമൂഹത്തിൽ പ്രതികരണശേഷിയുള്ളവരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിയ്ക്കുന്നത്.
പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകാനെത്തുന്നവർക്ക് ആവശ്യമായ മാനസിക പിന്തുണ നൽകുക എന്നതാണ് സെൻററുകളുടെ മുഖ്യലക്ഷ്യം. കുടുംബശ്രീ ജെൻഡർ ടീം അംഗങ്ങളായ കമ്മ്യൂണിറ്റി കൗൺസിലർമാരാണ് സേവനം നൽകുന്നത്. തീവ്രമായ മാനസിക സമ്മർദ്ദം നേരിടുന്നവർക്കായി റഫറൽ സംവിധാനം വഴിയുള്ള വിദഗ്ധ ചികിത്സയും സെൻററുകളിൽ ലഭ്യമാക്കും.
സ്നേഹിത സെൻററുകളിൽ കൗൺസിലിങ് റൂം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിരൂക്ഷമായ മാനസിക സമ്മർദ്ദം നേരിടുന്നവർക്കായി ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവരുടെ റെഫറൽ സേവനവും ലഭ്യമാക്കും.
പദ്ധതിയുടെ ഏകോപനത്തിനായി സംസ്ഥാന, ജില്ലാ തലങ്ങളിൽ കോർ കമ്മിറ്റി രൂപീകരിക്കും. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനം. പ്രത്യേക കേസുകളിൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നിർദേശപ്രകാരം സെൻറർ പ്രവർത്തകർ ഫീൽഡ് തല പ്രവർത്തനങ്ങളിലും ഏർപ്പെടും.
സ്നേഹിത ടോൾ ഫ്രീ നമ്പർ: 1800 4255 5678, മൊബൈൽ - 8594034255
- Log in to post comments