കുന്ദമംഗലം മണ്ഡലത്തില്‍ എല്ലാവര്ക്കും പട്ടയം; നടപടികള്‍ക്ക് തുടക്കം
പട്ടയ അസംബ്ലി സംഘടിപ്പിച്ചു
'എല്ലാവര്ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യത്തോടെ കുന്ദമംഗലം മണ്ഡലത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത പട്ടയ അസംബ്ലി നടത്തി. പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ പി ടി എ റഹീം എം എല്‍ എയുടെ അദ്ധ്യക്ഷതയിലാണ് അസംബ്ലി ചേര്‍ന്നത്.
പട്ടയ അപേക്ഷകള്‍ സമര്‍പ്പിക്കാത്തവരെ കണ്ടെത്താനും പരിഹരിക്കാത്ത പട്ടയ വിഷയങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരാനും പട്ടയ അസംബ്ലി മുഖേന സംവിധാനമേര്‍പ്പെടുത്തി. പട്ടയമില്ലാത്ത ഉന്നതികളും അര്‍ഹതയുണ്ടായിട്ടും പട്ടയത്തിന് അപേക്ഷ നല്‍കാത്തവരേയും കണ്ടെത്തുക, വിതരണത്തിന് ആവശ്യമായ ഭൂമി കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുക, വില്ലേജ് പരിധിയിലുള്ള പട്ടയ വിഷയങ്ങള്‍ കണ്ടെത്തുക, എല്ലാ വില്ലേജ്തല ജനകീയ സമിതിയിലും പട്ടയമിഷന് അജണ്ടയായി ഉള്‍പ്പെടുത്തുക, സമിതിയില്‍ അംഗങ്ങളായ ജനപ്രതിനിധികളില്‍ നിന്നും പട്ടയ വിഷയങ്ങള്‍ ക്രോഡീകരിച്ച് സമര്‍പ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ജനപ്രിതിനിധികള്ക്കും എംഎല്‍എ നിര്‍ദ്ദേശം നല്കി.
പരിപാടിയില്‍ പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജീവ് പെരുമണ്‍പുറ, ഗ്രാമപഞ്ചായത്ത് പ്രിതിനിധികളായ സി ഉഷ, ടി രഞ്ജിത്, യു സി പ്രീതി, റീന മാണ്ടിക്കാവില്‍, പി ബാബുരാജന്, രേഷ്മ തെക്കേടത്ത് ഭൂരേഖാ തഹസില്‍ദാര്‍ സി ശ്രീകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ മണി തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments