Skip to main content
ജില്ലാ കലക്ടറുടെ ചേമ്പറിൽ ചേർന്ന ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ജില്ലാ തല ഉപദേശക സമിതി

ഭക്ഷ്യസുരക്ഷ: ജില്ലയിലെ ഹോസ്റ്റല്‍ കാന്റീനുകളില്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കും

ഭക്ഷ്യ വിഷബാധ വിവരങ്ങള്‍ ഭക്ഷ്യസുരക്ഷ വകുപ്പും ജില്ലാ ആരോഗ്യ വിഭാഗവും പരസ്പരം കൈമാറും

ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താന്‍ ജില്ലാതല ഉപദേശക സമിതി യോഗം ചേര്‍ന്നു

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഹോസ്റ്റല്‍ കാന്റീനുകളില്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. ഭക്ഷ്യ വിഷബാധ വിവരങ്ങള്‍ ഭക്ഷ്യസുരക്ഷ വകുപ്പും ജില്ലാ ആരോഗ്യ വിഭാഗവും പരസ്പരം കൈമാറുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ജില്ലാതല ഉപദേശക സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ജില്ല കളക്ടര്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷ വകുപ്പ് ഈ വര്‍ഷം ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അവലോകനവും ഭക്ഷ്യ വിഷബാധ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുകളില്‍ കൈക്കൊള്ളേണ്ട തീരുമാനങ്ങളും യോഗം ചര്‍ച്ച ചെയ്തു.

ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 1828 പരിശോധനകള്‍ നടത്തി. 420 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 674 സര്‍വെയ്ലന്‍സ് സാമ്പിളുകളും ശേഖരിച്ച് പരിശോധിച്ചിട്ടുണ്ട്. ചെറിയ രീതിയിലുള്ള നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ 89 സ്ഥാപനങ്ങള്‍ക്ക് തിരുത്തല്‍ നോട്ടീസ് നല്‍കുകയും വലിയ ലംഘനങ്ങള്‍  കണ്ടെത്തിയ 94 സ്ഥാപനങ്ങള്‍ക്കെതിരെ മൂന്ന് ലക്ഷം രൂപ പിഴയായി ഈടാക്കുകയും പത്ത് സ്ഥാപനങ്ങള്‍ക്ക് മെച്ചപ്പെടുത്താനുള്ള നോട്ടീസ് നല്‍കുകയും ചെയ്തു. 27 പ്രോസിക്യൂഷന്‍ കേസുകളും 16 അഡ്ജൂഡിക്കേഷന്‍ കേസുകളും ഫയല്‍ ചെയ്തതില്‍ വിധിയായ മൂന്ന് പ്രോസിക്യൂഷന്‍ കേസുകളില്‍ കോടതി 85,000 രൂപയും 14 അഡ്ജുഡിക്കേഷന്‍ കേസുകള്‍ക്ക്  3,23,500 രൂപയും പിഴ വിധിച്ചിട്ടുണ്ട്.

അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന ഈറ്റ് റൈറ്റ് ചലഞ്ച്' ന്റെ ഭാഗമായി 97 ഹോട്ടലുകള്‍ ഹൈജീന്‍ റേറ്റിംഗ് ഓഡിറ്റ് പൂര്‍ത്തിയാക്കി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 3120 ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷ പരിശീലനവും നല്‍കി. ഇഷാത് പബ്ലിക് സ്‌കൂള്‍, പൂനൂര്‍, കീഴ്പ്പയ്യൂര്‍ വെസ്റ്റ് എല്‍ പി സ്‌കൂള്‍, പേരാമ്പ്ര, ഇവിയുപി സ്‌കൂള്‍ തുണേരി, അല്‍ഫോന്‍സാ, താമരശ്ശേരി, അല്‍ ഫാറൂഖ് റെസിഡന്‍ഷ്യല്‍ സീനിയര്‍ സെക്കന്ററി സ്‌കൂള്‍, കോഴിക്കോട് എന്നിവയെ ഈറ്റ് റൈറ്റ് സ്‌കൂള്‍ ആയും വളയനാട് ദേവി ക്ഷേത്രം, മേച്ചേരി ശിവ ക്ഷേത്രം, കുന്നത്ത് തൃക്കോവില്‍ വിഷ്ണു ക്ഷേത്രം, കോട്ട വേട്ടക്കൊരുമകന്‍ ക്ഷേത്രം ബാലുശ്ശേരി എന്നിവ ഈറ്റ് റൈറ്റ് പ്ലേസ് ഓഫ് വേര്‍ഷിപ്പ് ആയും വടകര, പേരാമ്പ്ര മാര്‍ക്കറ്റുകളെ ക്ലീന്‍ ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റ് ആയും  കൊയിലാണ്ടി, ഫറോക് റെയില്‍വേ സ്റ്റേഷനുകള്‍ ഈറ്റ് റൈറ്റ് സ്റ്റേഷന്‍ ആയും തിരഞ്ഞെടുത്തിട്ടുള്ളതായും യോഗത്തില്‍ അറിയിച്ചു.

കേന്ദ്രം ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സര്‍ക്കിളുകളിള്‍ 12 ബോധവല്‍കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും  മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബ് ഉപയോഗിച്ച് 797 സാമ്പിളുകള്‍ പരിശോധന നടത്തുകയും 54 ബോധവല്‍കരണ ക്ലാസുകളും ട്രെയിനിങ്ങുകളും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.

സാമ്പത്തിക വര്‍ഷം (2024-25) ജില്ലയില്‍ ആകെ 7637 ലൈസന്‍സ് വര്‍ധിപ്പിച്ചിട്ടുണ്ട്.  കൂടാതെ 14,363 പരിശോധനകളും 1,290 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 3,996 സര്‍വെയ്‌ലന്‍സ് സാമ്പിളുകളും ശേഖരിച്ച് പരിശോധന നടത്തി. സാമ്പിള്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 151 പ്രോസിക്യൂഷന്‍ കേസുകളും 121 അഡ്ജുഡിക്കേഷന്‍ കേസുകളും ഫയല്‍ ചെയ്തു. 676 കടകള്‍ക്ക് നോട്ടീസ് നല്‍കി  25,74,000 രൂപ പിഴ ഈടാക്കി. 

യോഗത്തില്‍ ഭക്ഷ്യ സുരക്ഷ വിഭാഗം അസിസ്റ്റന്റ് കമ്മീഷ്ണര്‍ എ സക്കീര്‍ ഹുസൈന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍ രാജേന്ദ്രന്‍ ,അസിസ്റ്റന്റ്  പോലീസ് കമ്മിഷണര്‍ പി ബിജു രാജ്, ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date