Skip to main content

കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്കായി ‘ലിയോറ ഫെസ്റ്റ്' സമ്മര്‍ ക്യാമ്പ്

കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്കായി ‘ലിയോറ ഫെസ്റ്റ്' ജില്ലാതല സമ്മര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. കുട്ടികള്‍ക്ക് അറിവിനും സര്‍ഗാത്മകതക്കുമൊപ്പം സംരംഭകത്വത്തിന്റെ നൂതനപാഠങ്ങള്‍ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞവര്‍ഷം ആരംഭിച്ച ‘മൈന്‍ഡ് ബ്ലോവേഴ്‌സ്' ക്യാമ്പയിന്റെ തുടര്‍ച്ചയായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കുട്ടികള്‍ക്കിടയില്‍ ലഹരി പടരാതിരിക്കാന്‍, ഓരോ കുട്ടിയുടെയും വ്യത്യസ്ത മേഖലകളിലുള്ള  അഭിരുചികള്‍ കണ്ടെത്തി വിജ്ഞാനവും നൈസര്‍ഗിക വാസനകളും നല്‍കുന്ന സന്തോഷമാണ് തിരഞ്ഞെടുക്കേണ്ടതെന്ന ബോധ്യത്തിലേക്ക് എത്തിക്കുകയാണ് ക്യാമ്പിലൂടെ. നേതൃശേഷിയും ആശയവിനിമയ പാടവവും സര്‍ഗാത്മകതയും വികസിപ്പിച്ച്  മാനസികവും ബൗദ്ധികവുമായ ഉണര്‍വ് നല്‍കലും ലക്ഷ്യമിടുന്നു.
കുട്ടികളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ എട്ടിന് എല്ലാ വാര്‍ഡുകളിലും ബാലസംഗമം സംഘടിപ്പിക്കും. മികച്ചപ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തി പഞ്ചായത്ത്, നഗരസഭതലത്തില്‍ ഏകദിനശില്‍പശാലയും ബ്ലോക്ക്തല ഇന്നവേഷന്‍ ഫെസ്റ്റും സംഘടിപ്പിക്കും. ഇതില്‍നിന്ന് തെരഞ്ഞെടുക്കുന്ന 50 കുട്ടികള്‍ക്കാണ് മൂന്നു ദിവസത്തെ ജില്ലാതല സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം.
 തിയറ്റര്‍ വര്‍ക്ഷോപ്പ്, ശാസ്ത്രമാജിക്, കുട്ടികളും ധനകാര്യമാനേജ്‌മെന്റും, സൈബര്‍ ക്രൈം, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ലീഡര്‍ഷിപ് തുടങ്ങിയ വിഷയങ്ങളാണ് പരിചയപ്പെടുത്തുക. മികച്ച അവതരണം നടത്തുന്ന 140 കുട്ടികള്‍ക്ക് 2026ലെ ഇന്റര്‍നാഷണല്‍ ഇന്നവേഷന്‍ കോണക്ലേവില്‍ പങ്കെടുക്കാനും അവസരം ലഭിക്കും.
 

 

date