Skip to main content
ന്യൂ മാഹി  ഗ്രാമ പഞ്ചായത്ത് അതിദാരിദ്ര്യമുക്ത, മാലിന്യ മുക്ത പ്രഖ്യാപനം പുന്നോൽ കുറിച്ചിയിൽ നിയമസഭ സ്പീക്കർ അഡ്വ.എ എൻ ഷംസീർ നിർവ്വഹിക്കുന്നു

ഹരിതം, അതിദാരിദ്ര്യമുക്തം; മുന്നേറ്റത്തിന്റെ പാതയിൽ ന്യൂമാഹി ഗ്രാമപഞ്ചായത്ത്

ന്യൂമാഹി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത ഹരിത പഞ്ചായത്തായും അതിദാരിദ്ര്യമുക്ത പഞ്ചായത്തായും നിയമസഭ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പ്രഖ്യാപിച്ചു. മാലിന്യം പൊതു സ്ഥലത്ത് പുറന്തള്ളുന്നവർക്കെതിരെ കർശന നിലപാട് സ്വീകരിക്കണമെന്നും മാലിന്യ സംസ്കരണത്തിൽ കൃത്യമായ പൊതുബോധം ഉണ്ടാകണമെന്നും ഹരിത കർമ്മ സേനയ്ക്ക് കൃത്യമായ യൂസർ ഫീ നൽകണമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ മാതൃകാ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ന്യൂമാഹി പഞ്ചായത്തിനെ ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചത്. പഞ്ചായത്തിൽ ഒരു എം സി എഫ് കെട്ടിടവും 25 മിനി എം സി എഫ്, 26 ബോട്ടിൽ ബൂത്തുകൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എം സി എഫിനോട് അനുബന്ധിച്ച് പ്ലാസ്റ്റിക് ബദൽ ഉൽപന്ന കേന്ദ്രത്തിന്റെ കെട്ടിട നിർമാണവും പൂർത്തീകരിച്ചിട്ടുണ്ട്. പഞ്ചായത്തിലെ മൂന്ന് ടൗണുകളും മൂന്ന് പൊതുസ്ഥലങ്ങളും മുഴുവൻ വിദ്യാലയങ്ങളും അങ്കണവാടികളും മാലിന്യമുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
പഞ്ചായത്തിലെ ശുചിത്വ പ്രവർത്തനങ്ങളെ ഡിജിറ്റലൈസേഷൻ ആക്കുന്നതിന്റെ ഭാഗമായി ഹരിത മിത്രം ആപ്പ് ഉപയോഗിച്ചാണ്  സേവനം നടത്തിവരുന്നത്. 

പഞ്ചായത്തിലെ കരീക്കുന്നിൽ സ്ഥിതി ചെയ്യുന്ന എംസിഎഫിൽ ബെയിലിംഗ് മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. ബെയിൽ ചെയ്ത പ്ലാസ്റ്റിക് ക്ലീൻ കേരള കമ്പനിക്കു കൈമാറുന്നത് കൂടാതെ ഈ സാമ്പത്തിക വർഷം പദ്ധതിയിൽ ഉൾപ്പെടുത്തിയ എംസിഎഫിൽ വാട്ടർ പ്യൂരിഫയർ, കൺവെയർ ബെൽറ്റ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. മാലിന്യമുക്ത നവ കേരള ജനകീയ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ റോഡുകളും പൊതു ഇടങ്ങളും ശുചീകരിച്ചു. മമ്മിമുക്ക്  പ്രദേശം ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ സൗന്ദര്യവൽക്കരിക്കുകയും ചെയ്തു. മികച്ച വായനശാല, വിദ്യാലയം, ഹരിത കർമ സേനാംഗങ്ങൾ, വാർഡ്, അയൽകൂട്ടം,സർക്കാർ സ്ഥാപനം എന്നിവയെ പരിപാടിയിൽ ആദരിച്ചു.

അതിദാരിദ്ര്യവിഭാഗത്തിൽപ്പെട്ട ഒരു കുടുംബത്തെ കണ്ടെത്തി പദ്ധതിയിൽ ഉൾപ്പെടുത്തി, പാർപ്പിട വാടക, ആവശ്യമായ ചികിത്സ, ഭക്ഷണം, മരുന്ന്,  തുടങ്ങിയ സേവനങ്ങൾ നൽകിയുമാണ് കുടുംബത്തെ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ചത്. കുറിച്ചിയിൽ നടന്ന പരിപാടിയിൽ ന്യൂമാഹി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്‌ത്തു അധ്യക്ഷയായി.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ ലസിത റിപ്പോർട്ട്‌ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ, ജില്ലാ പഞ്ചായത്ത് അംഗം കൊങ്കി രവീന്ദ്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എൻ. രജിത, കെ.ഡി മഞ്ജുഷ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എം.കെ ലത, മാണിക്കോത്ത് മഹേഷ്, കെ.എസ് ശർമിള, വാർഡ് മെമ്പർ ഷഹദിയ മധുരിമ, സി ഡി എസ് ചെയർപേഴ്സൺ എം.കെ ലീല, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം. അനിൽകുമാർ, കെ.എ ജയപ്രകാശ്, തയ്യിൽ രാഘവൻ, പി.സി റിസാൽ, വി.കെ അനീഷ് ബാബു, കൊളവട്ടത്ത് അനീഷ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date