മാലിന്യമുക്തം നവകേരളം പദ്ധതി: പൂർത്തികരണ പ്രഖ്യാപനങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ സംഘടിപ്പിച്ചു
ജില്ലാതല പ്രഖ്യാപനം ഏപ്രിൽ അഞ്ചിന് തണ്ണീർമുക്കത്ത് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും
2023 മാർച്ച് മാസം മുതൽ ആരംഭിച്ച മാലിന്യമുക്തം നവകേരളം പദ്ധതിയുടെ പൂർത്തികരണ പ്രഖ്യാപനങ്ങൾ ആലപ്പുഴ ജില്ലയിൽ നടന്നു.ജില്ലയിലെ 72 ഗ്രാമപഞ്ചായത്തുകളും 6 നഗരസഭകളും വിപുലമായ പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചത്.ഹരിത അയൽക്കൂട്ടങ്ങൾ ഹരിത വിദ്യാലയങ്ങൾ ഹരിത ടൂറിസം കേന്ദ്രങ്ങൾ ഹരിത സ്ഥാപനങ്ങൾ ഹരിത കലാലയങ്ങൾ എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങൾ പൂർത്തീകരിച്ചാണ് ജില്ലാ സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനത്തിലേക്ക് കടന്നത്.ജില്ലയിലെ 22460 അയൽക്കൂട്ടങ്ങളും 1886 ഓഫീസുകളും/സ്ഥാപനങ്ങളും 811 വിദ്യാലയങ്ങളും 76 മാർക്കറ്റുകൾ /പൊതുസ്ഥലങ്ങളും 79 ടൗണുകളും 19 ടൂറിസം കേന്ദ്രങ്ങളും പ്രഖ്യാപനത്തിന്റെ ഭാഗമായി ശുചീകരണ സംവിധാനങ്ങൾ ഏർപ്പെടുത്തി ഹരിത കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. ഇതിനായി തദ്ദേശസ്ഥാപനങ്ങൾ പ്രധാന കേന്ദ്രങ്ങളിൽ ശുചീകരിക്കുക മാത്രമല്ല സൗന്ദര്യവൽക്കരിക്കുക കൂടി ചെയ്തു. വഴിയരികിൽ ബിന്നുകളും ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു .പ്രധാന കേന്ദ്രങ്ങളിൽ സിസിടിവികൾ സ്ഥാപിച്ചു.ജില്ലയിലെ വീടുകളും സ്ഥാപനങ്ങളും ഉൾപ്പെടെ
485250 ഇടങ്ങളിൽ നിന്ന് ഹരിത കർമ്മ സേന അജൈവമാലിന്യങ്ങൾ ഉറവിട ശേഖരണം നടത്തി.ജില്ലയിൽ 1594 മിനി എം.സി എഫ് കളും 183 എം.സി.എഫ് കളുമുണ്ട്. ശേഖരിക്കപ്പെടുന്ന മാലിന്യങ്ങൾ ഇവിടങ്ങളിൽ താൽക്കാലികമായി സംഭരിച്ചു വെക്കുകയും ഓരോ മാസവും വിവിധ ഏജൻസികൾക്ക് കൈമാറുകയും ചെയ്തു.സംസ്ഥാന തലത്തിൽ തദ്ദേശ സ്വയംഭരണ ,എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് തദ്ദേശസ്ഥാപനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഇത് ലൈവ് ആയി പ്രദർശിപ്പിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ മാലിന്യമുക്തം നവ കേരളം ക്യാമ്പയിൻ ഭാഗമായി മികച്ച പ്രവർത്തനങ്ങളിൽ നടത്തിയ വീടുകൾ, സ്ഥാപനങ്ങൾ,അയൽക്കൂട്ടങ്ങൾ, വ്യക്തികൾ , സംഘടനകൾ എന്നിവയെ ആദരിച്ചു.നൂറനാട് ഗ്രാമപഞ്ചായത്ത് ശുചിത്വ പ്രഖ്യാപന സദസ്സിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻ്റ് ഡയറക്ടർ എസ് ശ്രീകുമാർ പങ്കെടുത്തു. ജില്ലയിലെ എംപിമാർ എം.എൽ.എ.മാർ തുടങ്ങി ജനപ്രതിനിധികൾ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പരിപാടികളിൽ പങ്കാളികളായി.ഇതിൻറെ ഭാഗമായി ശുചിത്വ സന്ദേശയാത്രകളും സദസ്സുകളും സംഘടിപ്പിച്ചു.ഏപ്രിൽ മൂന്നിന് 12 ബ്ലോക്കുകളിലും ബ്ലോക്ക് പഞ്ചായത്ത് തല പ്രഖ്യാപനങ്ങൾ നടക്കും. ജില്ലാതല പ്രഖ്യാപനം ഏപ്രിൽ അഞ്ചിന് തണ്ണീർമുക്കം പഞ്ചായത്തിൽ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും
- Log in to post comments