Skip to main content
..

ലൈബ്രറി കൗണ്‍സില്‍ അംഗീകാരം നേടിയ ആദ്യ ബ്ലോക്തല വായനശാല ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ലൈബ്രറി തീര്‍ക്കുന്നത് മറ്റൊരു കേരള മാതൃക

നാടിന്റെ വൈജ്ഞാനിക പുരോഗതിക്ക് അക്ഷരവെളിച്ചം പകരുകയാണ് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്. വായനശാലയ്ക്ക് ആവശ്യമായ മാനദണ്ഡങ്ങളെല്ലാം ഉറപ്പാക്കി കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് ഗ്രന്ഥശാല സ്ഥാപിച്ചാണ് തദ്ദേശസ്ഥാപനം മാതൃകയാകുന്നത്.
വിജ്ഞാനപ്രദമായ സമൂഹമാണ് പ്രദേശത്തിന്റെ മുന്നേറ്റത്തിന് അനിവാര്യമെന്ന ഭരണസമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മികവുറ്റ ലൈബ്രറിക്കായി ഏകാഭിപ്രായം ഉയര്‍ന്നത്.  പൗരാണികമായി ആര്‍ജിച്ച വിജ്ഞാനസമ്പത്തും പുരോഗതിയുടെനാള്‍വഴികളും തലമുറകള്‍ക്ക് കൈമാറി നല്‍കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയുമാണ്.  
ബ്ലോക്ക് പഞ്ചായത്തിന്റെ പഴയ കെട്ടിടത്തില്‍ ‘സാംസ്‌കാരിക കാര്‍ഷിക മ്യൂസിയവും ലൈബ്രറിയും' ആണ് യാഥാര്‍ത്ഥ്യമായത്. ആദ്യകാല സര്‍ക്കാര്‍ഓഫീസുകളുടെ മാതൃകയില്‍ പണികഴിപ്പിച്ചതും കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ് തറക്കല്ലിട്ടതുമായ ബ്ലോക്ക് പഞ്ചായത്തിന്റെ പഴയകെട്ടിടത്തിന് രൂപമാറ്റം വരുത്താതെയും പൊളിച്ചു മാറ്റാതെയയും തനിമനിലനിര്‍ത്തിയാണ്  വായനാകേന്ദ്രത്തിന്റെ നിര്‍മിതി.
ലൈബ്രറി കൗണ്‍സില്‍ അഫിലിയേഷന്‍ നേടുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് സംവിധാനങ്ങളൊരുക്കിയത്. 1000 ല്‍ അധികംവരുന്ന പുസ്തകശേഖരം, നിശ്ചിതഎണ്ണം അംഗത്വം, ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്ന രജിസ്റ്ററുകളുടെ കൃത്യമായ പരിപാലനം തുടങ്ങി ഒരു വര്‍ഷത്തെ പ്രവര്‍ത്തനം ഉള്‍പ്പെടെ വിലയിരുത്തിയാണ് അംഗീകാരം നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെയും സാമൂഹിക സാംസ്‌കാരിക പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും ഉള്‍പ്പെടുത്തി 15 അംഗ സമിതി ഗ്രന്ഥശാലയുടെ മേല്‍നോട്ടത്തിനായി രൂപീകരിച്ചിട്ടുണ്ട്. ഗ്രന്ഥശാലയ്ക്ക് പ്രവര്‍ത്തനനിയമാവലി തയ്യാറാക്കുകയും തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ അനുമതി ലഭിക്കുകയും ചെയ്തു.  
ഇംഗ്ലീഷ് ഉള്‍പ്പടെ ഇതരഭാഷാദിനപത്രങ്ങളും ഇരുപതില്‍പരം ആഴ്ചപ്പതിപ്പുകളും മാസികകളുമുള്ള ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം രാവിലെ ഒമ്പത് മുതല്‍  വൈകിട്ട് ആറുവരെയാണ്. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപയുടെ പുസ്തക ഷെല്‍ഫുകളും ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. നിലവില്‍ വിവിധ മേഖലകളിലുള്ള 3000ത്തിലധികം വരുന്ന പുസ്തകസമ്പത്‌ശേഖരം ഒരുക്കിയിട്ടുമുണ്ട്.
കൊല്ലം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ പരിധിയിലുള്ള ചാത്തന്നൂര്‍-ചിറക്കര നേതൃസമിതിയുടെ ഭാഗമായ ഗ്രസ്ഥശാലയില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ തനത്പദ്ധതികളും സംഗമങ്ങളും വിവിധ വേദികളുടെ രൂപീകരണങ്ങളും വരുംവര്‍ഷങ്ങളില്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ബാലവേദി, യുവജനവേദി, വനിതാവേദി, വയോജനവേദി, കലാ-സാംസ്‌കാരിക വേദി, വിമുക്തി, അക്ഷരസേന, വായനകൂട്ടായ്മ, പുസ്തക ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിങ്ങനെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രായഭേദമന്യേ എല്ലാവരെയും ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാക്കുകയാണ് ഇവിടെ.
അടുത്ത ഘട്ടത്തില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ ലൈബ്രറിയാക്കി മാറ്റുകയാണ് ലക്ഷ്യം. വിദേശസര്‍വകലാശാലകളിലെ പഠനത്തിന് ഉള്‍പ്പെടെ സഹായകമാകുന്ന പുസ്തകങ്ങള്‍ ലഭ്യമാകുന്ന വിദ്യാഭ്യാസകേന്ദ്രമായി ഗ്രന്ഥശാലയെ ഉയര്‍ത്താനും പദ്ധതിയുണ്ട്. കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതിന് ജോബ് സ്റ്റേഷനുകളായും വിവരസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ അത്യാധുനിക നോളജ് ഹബ്ബുകളായും ഗ്രന്ഥശാലയെപരിവര്‍ത്തനപ്പെടുത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. കെ. ശ്രീകുമാര്‍ പറഞ്ഞു.

date