വൃത്തി കോൺക്ലേവ്: ദേശീയ സ്ഥാപനങ്ങളിലെ വിദഗ്ദ്ധർ പങ്കെടുക്കും
ഏപ്രിൽ 9ന് തിരുവനന്തപുരം കനകക്കുന്നിൽ ആരംഭിക്കുന്ന വൃത്തി-2025 ദേശീയ കോൺക്ലേവിലെ കോൺഫറൻസുകളും സെമിനാറുകളും വർക്ക്‌ഷോപ്പുകളും ഏപ്രിൽ 10 മുതൽ 12 വരെ നടക്കും.
മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെപ്പറ്റിയും വിശദമായ ചർച്ചകൾക്കും പരിഹാരാന്വേഷണങ്ങൾക്കും വഴിയൊരുക്കുക എന്നതാണ് സെഷനുകളുടെ ലക്ഷ്യം. ഏഴു മേഖലകളിലായി അറുപത് സെഷനുകളിലായി ഇരുനൂറോളം വിദഗ്ദ്ധരാണ് അഞ്ചുദിവസത്തെ പരിപാടിയിൽ ആശയങ്ങൾ പങ്കുവയ്ക്കുക. ദ്രവ മാലിന്യ സംസ്‌കരണം, ഖര മാലിന്യ സംസ്‌കരണം, കാലാവസ്ഥാവ്യതിയാനം, ചാക്രിക സമ്പദ് വ്യവസ്ഥ, നയവും നിയമങ്ങളും, മാധ്യമങ്ങൾ, ആശയവിനിമയവും ബോധവൽക്കരണവും എന്നീ മേഖലകളാക്കി തിരിച്ചാണ് ചർച്ചകൾ സംഘടിപ്പിക്കുന്നത്.
കേന്ദ്ര സർക്കാരിനു കീഴിലുള്ള അമൃത് മിഷൻ, സ്വച്ഛ് ഭാരത് മിഷൻ ദേശീയതലത്തിൽ സർക്കാരേതര സ്ഥാപനങ്ങൾ, ഐഐടി പോലുള്ള അക്കാദമിക സ്ഥാപനങ്ങൾ, സാങ്കേതിക വിദ്യകൾ വികസിപ്പിച്ചിട്ടുള്ള സ്ഥാപനങ്ങൾ, മാലിന്യസംസ്‌കരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികൾ വിവിധ സെഷനുകളിൽ പങ്കെടുക്കും. ശുചിത്വമിഷൻ, കേരള ഖര മാലിന്യ സംസ്‌കരണ പദ്ധതി, കില, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് സെഷനുകൾ നടക്കുന്നത്. ഹരിതകേരളം മിഷൻ, ക്ലീൻ കേരള കമ്പനി, ഇംപാക്ട് കേരള, മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതി, സ്മാർട്ട് സിറ്റി തിരുവനന്തപുരം, ഐകെഎം, മലിനീകരണ നിയന്ത്രണ ബോർഡ്, അമൃത് കേരള, വിവിധ സർക്കാർ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കും.
പി.എൻ.എക്സ് 1429/2025
- Log in to post comments