Skip to main content

മാലിന്യമുക്തം നവകേരളം ജില്ലാതല പ്രഖ്യാപനം ഏപ്രില്‍ അഞ്ചിന്

മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലയും ക്ലീന്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കിയ വിവിധ പ്രവര്‍ത്തനങ്ങളുടെ ഫലമായി ജില്ല മാലിന്യമുക്തമായതിന്റെ പ്രഖ്യാപനം മാര്‍ച്ച് അഞ്ചിന് മലപ്പുറം കോട്ടക്കുന്ന് ഡി ടി പി സി ഹാളില്‍  നടക്കും. മന്ത്രി  വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ കലക്ടര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷര്‍, സെക്രട്ടറിമാര്‍, മറ്റു പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

ക്യാമ്പയിന്റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നു വന്നിരുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും വീടുകളും സ്ഥാപനങ്ങളുമുള്ള മലപ്പുറം ജില്ലയില്‍ മാര്‍ച്ച് മാസത്തില്‍ 10 ലക്ഷത്തിലധികം വീടുകളും സ്ഥാപനങ്ങളും ഹരിത കര്‍മ്മ സേനക്ക്  ഹരിത മിത്രം ആപ്പ് വഴി പാഴ് വസ്തുക്കള്‍ നല്‍കി.

കൂട്ടായ പ്രവര്‍ത്തനത്തിലൂടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും പൊതു സ്ഥലങ്ങളില്‍ ബിന്നുകള്‍ വയ്ക്കുകയും പൊതു ഇടങ്ങള്‍, വഴിയോരങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും വിദ്യാലയങ്ങളും ഓഫീസുകളും ടൗണുകളും ഹരിത പദവി നേടിയതായി പ്രഖ്യാപിച്ചു.

ശുചിത്വ പദവി നിലനിര്‍ത്തുന്നതിനും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകമായി നടപ്പാക്കുന്നതിനും സുസ്ഥിര സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിനും ഊര്‍ജിതമായ പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ തുടര്‍ന്നും നടപ്പാക്കും. ഇതിന്റെ ഭാഗമായി ഏപ്രില്‍ 9 മുതല്‍ 12 വരെ തിരുവനന്തപുരത്ത് വച്ച് വൃത്തി-കോണ്‍ക്ലേവ് 2025 എന്ന പേരില്‍ വിപുലമായ പരിപാടികള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്നുണ്ട്. ജില്ലയില്‍ നിന്നുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും.
 

date