ചാലക്കുടി നഗരസഭ; മാലിന്യ മുക്ത പ്രഖ്യാപനം നടത്തി
ചാലക്കുടി നഗരസഭ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപനം നടത്തി. സർക്കാരിൻ്റെ മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സർക്കാർ നിർദ്ദേശിച്ച മാനദണ്ഢങ്ങൾ പ്രകാരം വിവിധ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചത്. നഗരസഭ ഹാളിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൻ ഷിബു വാലപ്പൻ മാലിന്യമുക്ത നഗരസഭ പ്രഖ്യാപനം നടത്തി.
സ്വച്ച് സർവ്വേഷൻ്റെ ഭാഗമായി പൊതു സ്ഥലങ്ങളും വഴിയോരങ്ങളും വൃത്തിയാക്കൽ, സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ, ചെടികൾ വെച്ച് പിടിപ്പിക്കൽ, പൊതു സ്ഥലങ്ങൾ, മതിലുകൾ എന്നിവയുടെ പെയിൻ്റിംഗ് വർക്കുകൾ, പബ്ലിക് സ്ഥലങ്ങളിൽ ബിന്നുകൾ സ്ഥാപിക്കൽ, ഹരിത വിദ്യാലയങ്ങൾ, ഹരിത കലാലയങ്ങൾ, ഹരിത അയൽക്കൂട്ടങ്ങൾ, ഹരിത സ്ഥാപനങ്ങൾ, ഹരിത ഭവനങ്ങൾ, ഹരിത ടൂറിസം കേന്ദ്രങ്ങൾ,
ഹരിത കർമ്മസേന പ്രവർത്തനവും യൂസർ ഫീ കളക്ഷൻ എന്നിവ 90 ശതമാനത്തിന് മുകളിലെത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയതിൻ്റെ ഭാഗമായാണ് മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപനം നടത്തിയത്. ഇതിൻ്റെ ഭാഗമായി ഹരിത സ്ഥാപനങ്ങൾ, ഹരിത അയൽക്കൂട്ടങ്ങൾ, എന്നിവക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിരുന്നു.
മാലിന്യ നിർമ്മാർജജന ശുചിത്വ പ്രവർത്തനങ്ങൾക്കായി നഗരസഭ നടത്തിയ മത്സരത്തിൽ, മികച്ച ശുചിത്വ വാർഡുകൾ, ശുചിത്വ റെസിഡൻസ് അസോസിയേഷൻ, സ്വന്തം വീടും പരിസരവും ശുചിത്വ പരിപാലനം നടത്തിയ മുതിർന്ന പൗരൻ, വിദ്യാർത്ഥി എന്നിവർക്ക് സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും നൽകിയിരുന്നു.
ചടങ്ങിൽ വൈസ് ചെയർപേഴ്സൺ സി. ശ്രീദേവി അധ്യക്ഷയായി. വികസനകാര്യ ചെയർമാൻ ബിജു എസ്. ചിറയത്ത്, ആരോഗ്യകാര്യ ചെയർമാൻ ദീപു ദിനേശ്, വിദ്യാഭ്യാസ ചെയർമാൻ എം.എം അനിൽകുമാർ, പൊതുമരാമത്ത് ചെയർപേഴ്സൺ ആനി പോൾ, മുൻ ചെയർമാൻമാരായ വി.ഒ. പൈലപ്പൻ, ആലീസ് ഷിബു, കൗൺസിലർമാരായ ബിന്ദു ശശികുമാർ, റോസി ലാസർ, ഹെൽത്ത് സൂപ്പർവൈസർ കെ. സുരേഷ് കുമാർ, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൻ ടി.എ ടിനു തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments