Skip to main content

മാറുന്ന മുരിയാടിന്റെ മാറ്റൊലിയായി ക്ലീൻ ഗ്രീൻ മുരിയാട് പദ്ധതി

മാറുന്ന മുരിയാടിന്റെ മാറ്റു കൂട്ടാൻ ക്ലീൻ ഗ്രീൻ മുരിയാട് പദ്ധതിയുമായി ഗ്രാമപഞ്ചായത്ത് സമ്പൂർണ ശുചിത്വ  പദവിയിൽ. ഒക്ടോബർ രണ്ടിന് തുടങ്ങി പത്ത് ഘട്ടങ്ങളിലായി നാൽപതിലധികം കർമ പരിപാടികളിലൂടെ മുരിയാട് ഗ്രാമപഞ്ചായത്ത് ശുചിത്വ പദവിയിലേക്ക് എത്തിയിരിക്കുന്നത്.

ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ പൊതുമ്പു ചിറയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കിക്കൊണ്ടാണ് ക്ലീൻ ഗ്രീൻ പദ്ധതിക്ക് പ്രാരംഭം കുറിച്ചത്.  സംസ്ഥാനത്ത് ആദ്യമായി പതിനേഴ് പഞ്ചായത്തംഗങ്ങളുടെയും ഭവനങ്ങൾ ഹരിത ഭവനങ്ങൾ ആക്കി മാറ്റിയ ഹരിത ഭവന യജ്ഞം, വാർഡുകളിലെ ശുചിത്വ സഭ, വാർഡുതല ബോധവത്കരണം, വാർഡുതല ശുചീകരണ യജ്ഞം എന്നിവ ഇവിടെ പൂർത്തിയാക്കി.

പഞ്ചായത്തിന്റെ മൂന്ന് പ്രധാന കേന്ദ്രങ്ങളായ പുല്ലൂർ, മുരിയാട് , ആനന്ദപുരം എന്നിവിടങ്ങളിൽ ശുചിത്വ സന്ദേശ യാത്രകൾ സംഘടിപ്പിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ജംഗ്ഷനുകളുടെ സൗന്ദര്യവത്കരണം , സെൽഫി പോയിന്റുകൾ, മാതൃക പൊതുവഴികൾ, പാതകൾ സഞ്ചാര സൗഹൃദമാക്കി പുല്ലുവെട്ടുന്ന പ്രവർത്തനങ്ങൾ എന്നിവ മുരിയാടിന്റെ മാറ്റുകൂട്ടി. മാലിന്യ സംസ്‌കരണ ഉപാധികളായ ബൊക്കാഷി ബക്കറ്റ്, റിങ് കമ്പോസ്റ്റ് , ബയോഗ്യാസ് എന്നിവയുടെ വിതരണം, പഞ്ചായത്ത് ഓഫീസും ഘടക സ്ഥാപനങ്ങൾ ഹരിത ഓഫീസുകളായി പ്രഖ്യാപിച്ചും വിവിധ സ്ഥാപനങ്ങളിലേക്ക് പരിസ്ഥിതി സൗഹൃദ ബയോ ബിന്നുകൾ വിതരണം ചെയ്തും പൊതു സ്ഥലങ്ങളിൽ പബ്ലിക് വേസ്റ്റ് ബിന്നുകളും ബോട്ടിൽ ബൂത്തുകളും വിദ്യാലയങ്ങളിൽ കളക്ടേർസ് @ സ്‌കൂളുകൾ സ്ഥാപിച്ചും മുരിയാട് ശുചിത്വ പ്രവർത്തനങ്ങളിൽ മുന്നേറി.  

date