Skip to main content

ഇലക്ഷൻ വകുപ്പിന്റെ ഏകീകൃത കോൾ സെന്റർ ഉദ്ഘാടനം ചെയ്തു

സംസ്ഥാന ഇലക്ഷൻ വകുപ്പിന്റെ ഏകീകൃത ടോൾ ഫ്രീ നമ്പരായ 1950 ന്റെ ഉദ്ഘാടനം ചീഫ് ഇലക്ട്രൽ ഓഫീസർ രത്തൻ യു. കേൽക്കർ കേരള സ്റ്റേറ്റ് ഐടി മിഷനിൽ നിർവഹിച്ചു. ഐടി മിഷൻ ഡയറക്ടർ സന്ദീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡീഷണൽ ചീഫ് ഇലക്ട്രൽ ഓഫീസർമാരായ ഷർമിള. സി, കൃഷ്ണദാസൻ പി, അനീഷ് റ്റി, ഇ-ഗവേർണൻസ് ഹെഡ് എസ് സനോബ് എന്നിവർ പങ്കെടുത്തു. ഇലക്ഷൻ വകുപ്പിന്റെ ജില്ലാ തലത്തിലുള്ള കോൾ സെന്ററുകൾ തെരഞ്ഞെടുപ്പ് സമയത്തും സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ സമയത്തും മാത്രമാണ് പ്രവർത്തിച്ചിരുന്നത്. സംസ്ഥാന/ ജില്ലാ തലങ്ങളിൽ പ്രവർത്തിച്ചിരുന്ന കോൾ സെന്ററുകൾ ഏകീകരിച്ച് 1950 എന്ന ഒറ്റ ടോൾ ഫ്രീ നമ്പരിലേക്ക് മാറുന്നതിന്റെ അടിസ്ഥാനത്തിലാണ് ഐ.ടി മിഷന്റെ മേൽനോട്ടത്തിൽ സെന്റർ പ്രവർത്തനം ആരംഭിച്ചത്. 1950 ടോൾ ഫ്രീ നമ്പർ ഉപയോഗിച്ച് ഇലക്ഷൻ വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ, ലോകസഭ/ രാജ്യസഭ/ നിയമസഭ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് ലഭ്യമാകും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും സംശയ ദുരീകരണങ്ങൾക്കും പൊതുജനങ്ങൾ 1950 ടോൾ ഫ്രീ നമ്പർ പ്രയോജനപ്പെടുത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. സംസ്ഥാന ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ 1950 ടോൾ ഫ്രീ നമ്പരിലൂടെ ലഭ്യമാകില്ല.

പി.എൻ.എക്സ് 1447/2025

date