ഡോ. അംബേദ്കര്‍ സ്കൂളിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കണം: ന്യൂനപക്ഷ കമ്മീഷന് ചെയര്മാന്
സൂക്ഷ്മ ന്യൂനപക്ഷ വിഭാഗമായ ബുദ്ധമത വിശ്വാസികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി രൂപീകരിച്ച ഇലവുംതിട്ട ഗൗതമ എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അധീനതയിലുള്ള ഡോ. അംബേദ്കര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിനോട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് അഡ്വ. എ.എ റഷീദ് നിര്‍ദേശിച്ചു. കമ്മീഷന് ആസ്ഥാനത്ത് നടന്ന
സ്പെഷ്യല്‍ സിറ്റിംഗിലാണ് നടപടി.
2006 മുതല്‍ 2019 വരെ പ്രവര്‍ത്തിച്ചിരുന്ന സ്കൂളില്‍ കോവിഡിനെ തുടര്‍ന്ന് അധ്യയനം നിലച്ചിരുന്നു. 2024-25 അധ്യയന വര്‍ഷം സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ രേഖകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നല്‍കിയിരുന്നെങ്കിലും നിരസിച്ച സാഹചര്യത്തിലാണ് ട്രസ്റ്റ് അധികൃതര്‍ കമ്മീഷനെ സമീപിച്ചത്. പരാതിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരോട് കമ്മീഷന് റിപ്പോര്‍ട്ട് തേടി. സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ പ്രവര്‍ത്തനാനുമതി നല്‍കാമെന്ന് സിറ്റിംഗില്‍ ഹാജരായ പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.
- Log in to post comments