ചാലക്കുടി ദേശീയപാതയില്‍ പരീക്ഷണ ഗതാഗതപരിഷ്‌കാരം ഏപ്രില്‍ അഞ്ചിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം
ചാലക്കുടി - ചിറങ്ങര അടിപ്പാത നിര്‍മ്മാണത്തെതുടര്‍ന്ന് ദേശീയപാതയില്‍ അനുഭവിക്കുന്ന രൂക്ഷമായ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഏപ്രില്‍ അഞ്ചിന് വൈകീട്ട് നാല് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഗതാഗതപരിഷ്‌കാരം നടപ്പിലാക്കും. ദേശീയപാത 544-ല്‍ ബ്ലാക്ക് സ്പോട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായ അടിപ്പാത/ മേല്‍പ്പാലങ്ങളുടെ നിര്‍മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൊലീസ്, ആര്‍.ടി.ഒ, ദേശീയപാതാ അതോറിറ്റി, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നിവര്‍ ചേര്‍ന്ന് ഇതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്.
കാറ് പോലുള്ള ചെറുവാഹനങ്ങള്‍ ദേശീയപാതയില്‍ നിന്ന് വഴി തിരിച്ചുവിട്ട് ഗതാഗതകുരുക്ക് കുറയ്ക്കാനാകുമെന്ന് ചാലക്കുടി ഡി.വൈ.എസ്.പി യോഗത്തില്‍ അറിയിച്ചു. രാത്രികാലങ്ങളില്‍ ഇവിടങ്ങളില്‍ ബൈക്ക് പട്രോളിങ് നടത്തും. വലിയ വാഹനങ്ങള്‍ ദേശീയപാതയിലൂടെ തന്നെ പോകും.
ഏപ്രില്‍ മൂന്നിന് കളക്ടര്‍ സ്ഥലം നേരിട്ട് സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരയോഗം വിളിച്ചുചേര്‍ത്തത്. റോഡിനിരുവശവും ലൈറ്റിംഗ്, സൈന്‍ ബോര്‍ഡുകള്‍ തുടങ്ങിയ സുരക്ഷാമുന്‍കരുതലുകള്‍ ദേശീയപാതാ അധികൃതര്‍ സ്ഥാപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കളക്ടര്‍ ആര്‍.ടി.ഒക്ക് നിര്‍ദ്ദേശം നല്‍കി. ഇത് കൃത്യമായി നിരീക്ഷിക്കുകയും വേണം.
നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള കാലതാമസത്തിന്റെ കാര്യത്തിലും ഗുണമേന്‍മയുടെ കാര്യത്തിലും വളരെയധികം പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ ജീവനക്കാരെ ഏര്‍പ്പാടാക്കി നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് എന്‍എച്ച്.എ.ഐ അടിയന്തരമായി നടപടികള്‍ സ്വീകരിക്കണം. റോഡരികിലെ ഡ്രെയിനേജ് സംവിധാനം അടഞ്ഞുകിടക്കുന്നതിനാല്‍ മഴയത്ത് വെള്ളക്കെട്ടുണ്ടാകുന്നത് ഒഴിവാക്കാനും ദേശീയപാതാ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണം. ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം കാണാനായില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഗതാഗത ക്രമീകരണത്തിനായി ഫ്ളാഗ് മാന്‍ ഉള്‍പ്പടെ ആവശ്യമായ ജീവനക്കാരെ നിയോഗിക്കണം. ഗതാഗതക്രമീകരണങ്ങള്‍ക്കായി സ്വീകരിച്ച നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഏപ്രില്‍ ഏഴിനകം റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.
റൂറല്‍ എസ്.പി. ബി. കൃഷ്ണകുമാര്‍, ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments