വാണിമേല്‍ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് വിലക്ക്
ഉരുള്‍പ്പൊട്ടലുണ്ടായ വിലങ്ങാട് പ്രദേശം ഉള്‍പ്പെട്ട വാണിമേല്‍ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. ഒമ്പത്, 10, 11 വാര്‍ഡുകളിലാണ് നിര്‍മാണ പ്രവൃത്തികള്‍ വിലക്കിയത്. വിലങ്ങാട് പുനരധിവാസ പ്രവൃത്തികള്‍ അവലോകനം ചെയ്യുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അത്യാവശ്യ ഘട്ടങ്ങളില്‍ നടത്തുന്ന പ്രവൃത്തികള്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ഉരുള്‍പൊട്ടല്‍ പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തി പുരോഗതി, ധനസഹായ വിതരണം തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഉരുള്‍പ്പൊട്ടലില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട 31 കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം ധനസഹായം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഭാഗികമായി വീടുകളും വഴികളും നഷ്ടമായ 35 കുടുംബങ്ങളുടെ പുനരധിവാസത്തിന് ആവശ്യമായ പരിശോധന നടത്താന്‍ പൊതുമരാമത്ത്, പഞ്ചായത്ത്, റവന്യൂ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ 35ല്‍ ഉള്‍പ്പെടാത്ത ഏതെങ്കിലും കുടുംബത്തിന് പുനരധിവാസം ആവശ്യമാണെങ്കില്‍ അക്കാര്യം പരിശോധിച്ച് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
കാലവര്‍ഷത്തെ തുടര്‍ന്ന് പഞ്ചായത്ത് പരിധിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്ന സാഹചര്യങ്ങളില്‍ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കുന്നതിനുള്ള ക്യാമ്പുകള്‍ അടിയന്തരമായി കണ്ടെത്തുന്നതിന് പഞ്ചായത്ത്, വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍, എന്നിവരോട് കലക്ടര്‍ ആവശ്യപ്പെട്ടു. എംപിമാരുടെ ഫണ്ടില്‍ നിന്നുള്ള 50 ലക്ഷം രൂപ ഉപയോഗപ്പെടുത്തി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം പദ്ധതി തയ്യാറാക്കാന്‍ പ്ലാനിംഗ് വിഭാഗത്തെ യോഗം ചുമതലപ്പെടുത്തി. പുഴയില്‍ അടിഞ്ഞു കൂടിയ കല്ലും മണ്ണും നീക്കം ചെയ്യുന്ന പ്രവൃത്തി പുരോഗമിച്ചു വരികയാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഡി എം ഡെപ്യൂട്ടി കലക്ടര്‍ ഇ അനിത കുമാരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments