പന്തളം തെക്കേക്കരയുടെ 'ഉജ്ജീവനം'
ഇരുകണ്ണിനും കാഴ്ചതകരാറുളള ഒരിപ്പുറം ചിലമ്പൊലിയില്‍ സിന്ധുവിനും വൃക്കരോഗി പൊങ്ങലടി കരന്തകര വിജയനും കുടുംബശ്രീ 'ഉജ്ജീവനം' പദ്ധതിയിലൂടെ ഉപജീവനമൊരുക്കി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്. തൊഴില്‍ സംരംഭത്തിന് സിന്ധുവിന് 50000 രൂപയ്ക്ക് സ്റ്റേഷനറി കട അനുവദിച്ചു. കുടുംബശ്രീ ഉല്പന്നങ്ങളായ മുളക്, മഞ്ഞള്‍, മല്ലി പൊടി, വെളിച്ചെണ്ണ തുടങ്ങിയവയെല്ലാം ലഭ്യമാണ്. ഭവന രഹിതയായ സിന്ധുവിന് വീട് നിര്‍മാണത്തിന് പഞ്ചായത്ത് സ്ഥലവും നല്കി. ലൈഫില്‍ ഉള്‍പ്പെടുത്തി വീടിന്റെ നിര്‍മാണവും പുരോഗമിക്കുന്നു. നിലവില്‍ താമസിക്കുന്ന വീട്വാടകയും പഞ്ചായത്ത് നല്കുന്നു.
ഇരു വൃക്കകളും തകരാറിലായ വിജയന്റെ കുടുംബത്തിന് 50000 രൂപ അനുവദിച്ച് രണ്ട് ആടുകളും കൂടും നിര്‍മിച്ച് നല്കി. അതിദാരിദ്ര്യ നിര്‍മാര്‍ജനപദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് ഉപജീവനത്തിന് മാര്‍ഗമൊരുക്കുന്നതാണ് ഉജ്ജീവനം. കുടുംബശ്രീ സി.ഡി.എസ് മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റാണ് പദ്ധതി തയ്യാറാക്കിയത്. സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് പറഞ്ഞു.
- Log in to post comments