സ്പോർട്സ് കൗൺസിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തുന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് കോട്ടയം ഇൻഡോർ സ്‌റ്റേഡിയത്തിൽ സഹകരണ-തുറമുഖ-ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കൗമാരത്തെയും ബാല്യത്തെയും ഏറ്റവും കൂടുതൽ വേട്ടയാടുന്ന മാരകമായ വസ്തുവാണ് ലഹരിയെന്നും ഇതിനെതിരായുള്ള വലിയ ദൗത്യം ഏറ്റെടുക്കാൻ കായികരംഗത്തിന് ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു. സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി മായാദേവി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. ആർ.ഷാജി, ജില്ലാ സ്‌പോർട്‌സ് ഓഫീസർ ഡിമൽ സി. മാത്യു എന്നിവർ പ്രസംഗിച്ചു. 26 ഇനങ്ങളിലായി മൂന്നൂറിലേറെ കുട്ടികളാണ് ക്യാമ്പിന് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പത്ത് വയസ്സിന് മുകളിലുള്ളവർക്കായുള്ള ക്യാമ്പ് ഏപ്രിൽ 24 വരെയാണ് നടക്കുന്നത്. ക്യാമ്പിൽ അത്‌ലറ്റിക്‌സ്, കളരിപ്പയറ്റ്, വോളിബോൾ, ബാസ്‌ക്കറ്റ് ബോൾ, യോഗ, ഷട്ടിൽ ബാഡ്മിന്റൺ, ജൂഡോ, കബഡി, ബോഡി ബിൽഡിങ്ങ്, ആട്ടിയാ പാട്ടിയ, ഹോക്കി, റസ്ലിങ്ങ്, സ്വിമ്മിങ്ങ്, ബോൾ ബാഡ്മിന്റൺ, സെപക് താക്രേ, ബേസ്ബോൾ, ഖോ-ഖോ, ത്രോബോൾ, തായ്ക്കൊണ്ടോ, സോഫ്റ്റ് ബോൾ, ആം റസ്ലിങ്ങ്, സൈക്ലിങ്ങ്, കരാട്ടെ, റോളർ സ്‌കേറ്റിങ്ങ്, ടേബിൾ ടെന്നീസ് എന്നീ കായിക ഇനങ്ങളിൽ പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ നിന്ന് സർട്ടിഫിക്കറ്റ് നൽകും.
- Log in to post comments