Skip to main content

*കെ സ്മാര്‍ട്ട് ഏപ്രില്‍ 10 മുതല്‍ എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കും: എം ബി രാജേഷ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന കെ സ്മാര്‍ട്ട് ഏപ്രില്‍ 10 മുതല്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പൂര്‍ണ്ണസജ്ജമാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

 

കെ സ്മാര്‍ട്ട് ത്രിതല പഞ്ചായത്തുകളിലേക്ക് വിന്യസിക്കുന്നതിന്റെ ഉദ്ഘാടനം ഏപ്രില്‍ 10ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, മന്ത്രിമാരായ കെ രാജന്‍, കെ എന്‍ ബാലഗോപാല്‍, വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, ചീഫ് സെക്രട്ടറി ശാരദാ മുരളിധരന്‍ തുടങ്ങിയവര്‍ സംസാരിക്കും. 

 

ഇതോടെ നിലവില്‍ കെ സ്മാര്‍ട്ട് വിന്യസിച്ചിട്ടുള്ള 87 മുന്‍സിപ്പാലിറ്റികള്‍ക്കും 6 കോര്‍പറേഷനുകള്‍ക്കുമൊപ്പം 941 ഗ്രാമ പഞ്ചായത്തുകളിലും 152 ബ്ലോക്ക്, 14 ജില്ല പഞ്ചായത്തുകളിലും കെ സ്മാര്‍ട്ട് ലഭ്യമാവും. കെ-സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ഗ്രാമപഞ്ചായത്തുകളില്‍ വിന്യസിക്കുന്നതിന്റെ ഭാഗമായുള്ള പൈലറ്റ് ലോഞ്ച് തിരുവനന്തപുരം ജില്ലയിലെ കരകുളം ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിച്ചിരുന്നു.

 

ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍, വസ്തു നികുതി, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് തുടങ്ങിയ നിരവധി സേവനങ്ങള്‍ ഇ-ഗവേണന്‍സിന്റെയും സ്മാര്‍ട്ട് ഓഫീസുകളുടെയും ഭാഗമായി ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പ്രവര്‍ത്തനം. കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ (കെ സ്മാര്‍ട്ട്) ഈ സേവനങ്ങള്‍ കൂടുതല്‍ സുഗമവും സുതാര്യവും കാര്യക്ഷമവുമാക്കുകയാണ്. https://ksmart.lsgkerala.gov.in വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ എത്തിക്കുകയാണ് കെ-സ്മാര്‍ട്ട്. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള വിവിധ സോഫ്റ്റ്വെയറുകള്‍ക്ക് പകരമായി കെ-സ്മാര്‍ട്ട് വിന്യസിക്കുന്നത്.

 

2024 ജനുവരി മുതല്‍ 2025 മാര്‍ച്ച് 31 വരെ കെ സ്മാര്‍ട്ടിലൂടെ 35.65 ലക്ഷം ഫയലുകളാണ് കൈകാര്യം ചെയ്തത്. ഇതില്‍ 26.98 ലക്ഷം (75.7%) ഫയലുകളും തീര്‍പ്പാക്കിക്കഴിഞ്ഞു. പൊതുജനങ്ങള്‍ക്ക് ഓരോ അപേക്ഷയും എവിടെ ആരുടെ പരിഗണനയിലാണെന്നും, എത്ര സമയം ഓരോ സീറ്റിലും ഫയല്‍ താമസിക്കുന്നുവെന്നും കൃത്യമായി അറിയാനാവും. അപേക്ഷിക്കാന്‍ മാത്രമല്ല, സര്‍ട്ടിഫിക്കറ്റ് വാങ്ങാനും തദ്ദേശ സ്വയം ഭരണ സ്ഥാപന ഓഫീസില്‍ പോകേണ്ടതില്ല. വാട്ട്‌സാപ്പില്‍ ലഭിക്കും.

 

കെ സ്മാര്‍ട്ട് വിന്യസിച്ചതോടെ പൊതുജനങ്ങള്‍ക്ക് സേവനത്തിനായി കാത്തിരിക്കേണ്ടിവരുന്നില്ല. അതിവേഗത്തിലാണ് എല്ലാ കാര്യങ്ങളും നിര്‍വഹിക്കുന്നത്.

 

വീഡിയോ കെ.വൈ.സി സഹായത്തോടെ കെ-സ്മാര്‍ട്ട് വഴി ലോകത്തെവിടെ നിന്നും വിവാഹ രജിസ്ട്രേഷന് അപേക്ഷിക്കാനും പൂര്‍ത്തിയാക്കാനും കഴിയും. സംസ്ഥാനത്ത് 2024 ജനുവരി മുതല്‍ 2025 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്ത 63001 വിവാഹങ്ങളില്‍ 21344 എണ്ണവും ഈ സൗകര്യം ഉപയോഗിച്ചാണ് ചെയ്തത്. 

 

300 ചതുരശ്ര മീറ്റര്‍ വരെയുള്ള ബില്‍ഡിംഗ് പെര്‍മ്മിറ്റുകള്‍ കെ സ്മാര്‍ട്ടില്‍ അപേക്ഷിച്ചാലുടന്‍ ലഭിക്കുന്നു. ശരാശരി പെര്‍മ്മിറ്റ് ലഭിക്കാനെടുക്കുന്ന സമയം 9 സെക്കന്റാണ്. ഇങ്ങനെയുള്ള 28393 പെര്‍മ്മിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ലൈസന്‍സ് പുതുക്കല്‍ സെല്‍ഫ് ഡിക്ലറേഷന്റെ അടിസ്ഥാനത്തില്‍ ഒരു മിനുട്ടിനകം ചെയ്യാനാവുന്നതിനുള്ള സൗകര്യം വൈകാതെ കെ സ്മാര്‍ട്ടില്‍ ലഭ്യമാവും. നിലവില്‍ 15 ദിവസങ്ങള്‍ വേണ്ടിവരുന്ന കാര്യമാണിത്. 

 

ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ഒരു ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് 6.45 മിനുട്ട് കൊണ്ടാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നാണ് സംസ്ഥാനത്തെ ഏറ്റവും വേഗത്തിലുള്ള മരണസര്‍ട്ടിഫിക്കറ്റ് ലഭിച്ചത്, 8.54 മിനിറ്റില്‍. 23.56 മിനുട്ടുകൊണ്ട് വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റിയാണ് ഈ വിഭാഗത്തില്‍ മുന്നില്‍. സേവനങ്ങള്‍ നല്‍കാനുള്ള ശരാശരി സമയം ആഴ്ചകളില്‍ നിന്ന് മണിക്കൂറുകളായി കെ സ്മാര്‍ട്ടിലൂടെ കുറഞ്ഞു.

 

കെ സ്മാര്‍ട്ടില്‍ 4.43 ലക്ഷം ഫയലുകള്‍ (16.45%) തീര്‍പ്പാക്കിയത് ഒരു മണിക്കൂറിനുള്ളിലാണ്. 9.7 ലക്ഷം അഥവാ 35.96% ഫയലുകള്‍ 24 മണിക്കൂറിനുള്ളിലും തീര്‍പ്പാക്കുവാന്‍ സാധിച്ചു. 1.63 ലക്ഷം ഫയലുകള്‍ (6.06%) തീര്‍പ്പാക്കിയത് അവധി ദിനങ്ങളിലായിരുന്നു. 3.5 ലക്ഷം ഫയലുകള്‍ (12.99%) പ്രവര്‍ത്തി സമയത്തിന് ശേഷമാണ് തീര്‍പ്പാക്കിയിരിക്കുന്നത്. 

 

കെ സ്മാര്‍ട്ടില്‍ കെട്ടിടം ലിങ്ക് ചെയ്താല്‍ ബില്‍ഡിംഗ് സര്‍ട്ടിഫിക്കറ്റ് അപേക്ഷയൊന്നും നല്‍കാതെ തന്നെ ഡൌണ്‍ലോഡ് ചെയ്‌തെടുക്കാനാവും. മുന്‍പ് നല്‍കിയിരുന്ന ഏഴ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരമാണ് ഈ സര്‍ട്ടിഫിക്കറ്റ്. അപേക്ഷ പോലും നല്‍കാതെ ഏത് സമയത്തും ഡൗണ്‍ലോഡ് ചെയ്യാം. 

 

കെ-സ്മാര്‍ട്ടില്‍ സംയോജിപ്പിച്ച ജോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ച് നിര്‍മാണാനുമതി നല്കിയ കെട്ടിടങ്ങളുടെ വിവരങ്ങള്‍ കെ- മാപ്പ് (K-MAP) എന്ന ഫീച്ചറിലൂടെ പൊതുജനങ്ങള്‍ക്ക് അറിയാനാകും. നോ യുവര്‍ ലാന്‍ഡ് (Know your land) ഫീച്ചറിലൂടെ ഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിര്‍മ്മിക്കാന്‍ കഴിയുകയെന്ന വിവരം ലഭ്യമാകും. 

 

കരാറുകാരും സപ്ലൈയര്‍മാരും ബില്ലുകള്‍ മാറിക്കിട്ടാന്‍ പഞ്ചായത്തോ നഗരസഭയോ കയറിയിറങ്ങുന്ന സ്ഥിതിക്കും അവസാനമാവുകയാണ്. കെഫ്റ്റ് (കെ സ്മാര്‍ട്ട് ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) എന്ന ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിലൂടെ ബില്ലുകള്‍ ഓണ്‍ലൈനായി നല്‍കാം. ഒരു മണിക്കൂറിനുള്ളില്‍ കരാറുകാരുടെ അക്കൗണ്ടില്‍ പണമെത്തും. 

 

കെ സ്മാര്‍ട്ടിലൂടെ നികുതി പിരിവിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2022-23 വര്‍ഷത്തില്‍ 562.16 കോടിയായിരുന്ന നികുതി പിരിക്കല്‍ 2024- 2025 ല്‍ 678.54 കോടിയായി വര്‍ധിച്ചു. അതായത് 116 കോടിയുടെ (20.7 %) വര്‍ധന. മുന്‍സിപ്പാലിറ്റികളില്‍ 2022-23ല്‍ 39.28 ശതമാനമായിരുന്ന നികുതി പിരിവ് 2024-25 ലെത്തുമ്പോള്‍ 64.37% ത്തിലെത്തി നില്‍ക്കുന്നു. 318.32 കോടിയില്‍ നിന്ന് 603.96 കോടിയായി വര്‍ധനവ്. കോര്‍പറേഷനുകളുടെ നികുതി പിരിവായിരുന്നു ഏറ്റവും കുറവ്, 2022-23ല്‍ 22.35% മായിരുന്ന സംസ്ഥാനത്തെ കോര്‍പറേഷനുകളുടെ നികുതി പിരിവ് 56.2 ശതമാനമായി വര്‍ധിച്ചു. 305.03 കോടി പിരിച്ചുലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്നത് 618.42 കോടി. 313 കോടിയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 

 

കെ സ്മാര്‍ട്ട് ടീമിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പും സ്ഥാപനങ്ങളും നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം കൊണ്ട് പുതുതായി കണ്ടെത്തിയത് 143101 കെട്ടിടങ്ങളാണ്. വിവിധ കാരണങ്ങളാല്‍ നഗരസഭയുടെ ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടാത്തതും, നികുതിയുടെ പരിധിയില്‍ വരാത്തതുമായ കെട്ടിടങ്ങളായിരുന്നു ഇവയെല്ലാം. മുന്‍വര്‍ഷങ്ങളിലെ കുടിശിക ഉള്‍പ്പെടെ ഈ കെട്ടിടങ്ങള്‍ക്ക് 393.94 കോടി രൂപ നികുതി ചുമത്തി. ഇതില്‍ 108.92 കോടി രൂപ മാര്‍ച്ച് 15നകം തന്നെ പിരിഞ്ഞുകിട്ടിയിട്ടുണ്ട്. 

 

മുന്‍പ് നിലവിലുണ്ടായിരുന്ന സഞ്ചയ സോഫ്റ്റ്വയറില്‍ 830737 രേഖകള്‍ നികുതി ചുമത്താനാവാതെ വര്‍ഷങ്ങളായി തുടരുകയായിരുന്നു. ഈ ഓരോ രേഖയും ഫീല്‍ഡ് പരിശോധന നടത്തി കൃത്യമാക്കിയും, പുതിയ കെട്ടിടങ്ങള്‍ കണ്ടെത്തി ഉള്‍പ്പെടുത്തിയുമാണ് ഈ നേട്ടം നഗരസഭകള്‍ സ്വന്തമാക്കിയത്. ഇതിന് പുറമേ നഗരസഭ അറിയാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളും കണ്ടെത്തി. പുതിയ കെട്ടിടങ്ങള്‍ കണ്ടെത്തിയതിലൂടെ 41.48 കോടി രൂപ ഓരോ വര്‍ഷവും നഗരസഭകള്‍ക്ക് അധികമായി ലഭിക്കും. കൊച്ചി കോര്‍പറേഷനിലാണ് ഏറ്റവുമധികം കെട്ടിടങ്ങള്‍ ഇത്തരത്തില്‍ കണ്ടെത്തി നികുതി ചുമത്തിയത് 27578 കെട്ടിടങ്ങള്‍. കുടിശിക ഉള്‍പ്പെടെ 150.28 കോടി രൂപയാണ് നികുതി ചുമത്തിയത്. പ്രതിവര്‍ഷം 18.13 കോടി രൂപയുടെ അധികനികുതി ലഭിക്കും. ലെഗസി ഡാറ്റാ മാനേജ്‌മെന്റ് സിസ്റ്റം എന്ന സോഫ്‌റ്റ്വെയര്‍ തയ്യാറാക്കിയാണ് കെ സ്മാര്‍ട്ട് ടീം ഈ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. 

 

കെ സ്മാര്‍ട്ടിലൂടെ ആയിരം കോടിയിലധികം രൂപയാണ്. മുന്‍സിപ്പാലിറ്റികളുടെയും കോര്‍പറേഷനുകളുടെയും തനത് വരുമാനം. ഇത് പൂര്‍ണമായും നഗരസഭ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. 

 

കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രോജക്ട് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യു വി ജോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

date