Skip to main content
...

വനം മുതല്‍ കടലോളം പരക്കുന്ന വികസനം -  മന്ത്രി കെ. എന്‍. ബാലഗോപാല്‍  

വനം മുതല്‍ കടല്‍മേഖലയോളം പരക്കുന്ന വികസനപ്രവര്‍ത്തന മികവാണ് ജില്ല അടയാളപ്പെടുത്തുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥതല യോഗത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം.
ജില്ലയുടെ ഭാവിവികസനപരിപാടികള്‍ക്ക് മുതല്‍ക്കൂട്ടാകുംവിധം കൊല്ലം തുറമുഖത്തിന്റെ വിനോദ സഞ്ചാര-വാണിജ്യ സാധ്യകള്‍ വളര്‍ത്തിയെടുക്കുകയാണ്. വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമായതോടെ ചരക്കുകപ്പലുകളും രാജ്യാന്തര വിനോദസഞ്ചാരം സാധ്യമാകുന്ന കപ്പലുകളുമാണ് ഇതുവഴി വരിക.
ശ്രീനാരായണഗുരു ഓപണ്‍ യൂണിവേഴ്‌സിറ്റിക്ക് ആസ്ഥാനമന്ദിരം പണിയുന്നതിന് സ്ഥലം സ്വന്തമാക്കി. ജില്ലയ്ക്കായി കോടതിസമുച്ചയം നിര്‍മാണവും ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് പണിയുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. നഗരഹൃദയത്തില്‍ ഐ.ടി. പാര്‍ക്ക് വരുന്നു. കശുവണ്ടി മേഖലയില്‍ തൊഴില്‍ദിനങ്ങള്‍ വര്‍ധിപ്പിക്കാനായി. ജൈവവിധ്യ സര്‍ക്യൂട്ട് യാഥാര്‍ഥ്യമാകും. തീരശോഷണം തടയാന്‍ ശാസ്ത്രീയസംവിധാനം ഏര്‍പ്പെടുത്തും. നീണ്ടകരയില്‍ വലനിര്‍മാണ ഫാക്ടറിക്ക് 53 കോടി അനുവദിച്ചു. മാലിന്യമുക്ത നവകേരളം പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിനാകെ മികച്ച മാതൃകയാണ് കുരീപ്പുഴ ചണ്ടി ഡിപോയിലെ മാലിന്യനിര്‍മാര്‍ജനത്തിലൂടെ സാധ്യമാക്കിയത്.
ഇങ്ങനെ തുടര്‍ച്ചായ വികസന പരിപാടികളിലൂടെ മുഖഛായ മാറുന്ന ജില്ലയുടെ നേട്ടങ്ങളെല്ലാം ജനങ്ങളിലേക്കെത്തിക്കുന്ന പ്രദര്‍ശന-വിനോദ-വിജ്ഞാന-വിപണന മേളയാണ് മെയ് 11 മുതല്‍ 17 വരെ ആശ്രാമം മൈതാനത്ത് നടത്തുക. ഭാവിയിലേക്കുള്ള വികസന സാധ്യതകള്‍ പ്രദര്‍ശനത്തിലുള്‍പ്പെടുത്തണം. ഇവ വിലയിരുത്തി തുടര്‍പ്രവര്‍ത്തന ആശയങ്ങള്‍ പൊതുസമൂഹത്തിന് പങ്കിടാനാകും. ഇതു മുന്നില്‍കണ്ടുവേണം ഓരോ വകുപ്പും പങ്കാളിത്തം ഉറപ്പാക്കേണ്ടത് എന്ന് മന്ത്രി നിര്‍ദേശിച്ചു.  
പരിപാടിയുമായി ബന്ധപ്പെട്ട വിപുലമായ സംഘാടകസമിതി ഏപ്രില്‍ 16ന് ചേരാന്‍ തീരുമാനിച്ചു. തദ്ദേശസ്ഥാപന തലത്തിലും പ്രദര്‍ശനങ്ങള്‍ സമാന്തരമായി നടത്താനും നിര്‍ദേശമുണ്ട്.
ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, എ.ഡി.എം ജി നിര്‍മല്‍കുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date