ലഹരിക്കെതിരെ കേരള സമൂഹത്തിന്റെ ഒറ്റക്കെട്ടായ പോരാട്ടത്തില്‍ മുന്നില്‍ നിന്ന് നയിക്കുന്നത് എക്‌സൈസ് സേന - മന്ത്രി എം.ബി രാജേഷ്
മാരകമായ സാമൂഹിക വിപത്തായ മയക്കുമരുന്നിനെതിരെ പ്രത്യേകിച്ച് രാസലഹരിക്കെതിരെ കേരള സമൂഹത്തിന്റെ ഒറ്റക്കെട്ടായ പോരാട്ടത്തില്‍ മുന്നില്‍ നിന്ന് നയിക്കുന്നത് ഇന്ന് കേരളത്തിലെ എക്‌സൈസ് സേനയാണെന്ന് തദ്ദേശ സ്വയംഭരണ പാര്‍ലമെന്ററികാര്യ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തൃശ്ശൂര്‍ എക്സൈസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 31-ാം ബാച്ച് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും 13-ാം ബാച്ച് വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസ്സിംഗ് ഔട്ട് പരേഡില്‍ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
'ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്' എന്ന പ്രത്യേക ഡ്രൈവ് മയക്കുമരുന്നിനെതിരെ ഈ മാര്‍ച്ചിലാണ് കേരള എക്‌സൈസ് ആരംഭിച്ചത്. മാര്‍ച്ച് മാസത്തില്‍ മാത്രം പതിനാലായിരത്തോളം റെയ്ഡാണ് എക്‌സൈസ് ഒറ്റയ്ക്കും സംയുക്തമായും നടത്തിയിട്ടുള്ളത്. 1.17 ലക്ഷം വാഹന പരിശോധനകള്‍ ഒരു മാസത്തിനകം കേരള എക്‌സൈസ് നടത്തിയതായും മന്ത്രി പറഞ്ഞു. മൂവായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തു. പതിനായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വലിയ തോതിലുള്ള സ്പിരിറ്റ് വേട്ടയും മയക്കുമരുന്ന് വേട്ടയും ഈ ഒരു മാസത്തിനുള്ളില്‍ നടത്താന്‍ കഴിഞ്ഞു. ഇത് കരസ്ഥമാക്കിയ എക്‌സൈസിലെ ഓരോ അംഗത്തെയും സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
2024 ല്‍ ഇന്ത്യയിലാകെ പിടിച്ചെടുത്ത മയക്കുമരുന്നിന്റെ മൂല്യം 25,000 കോടിയാണ് എന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നത് കേരളത്തിലാണ്. നമ്മുടെ എക്‌സൈസിന്റെ മികവ് അറസ്റ്റ് ചെയ്യുന്നതില്‍ മാത്രമല്ല ശിക്ഷാനിരക്കിലും കാണാം. രാജ്യത്ത് ഏറ്റവും കൂടുതല്‍ എക്‌സൈസ് കേസുകളില്‍ ശിക്ഷാനിരക്കുള്ള സംസ്ഥാനമായി കേരളം മാറി. 98.19 ശതമാനമാണ് കേരളത്തിലെ ശിക്ഷാനിരക്ക്. ശിക്ഷയില്‍ ദേശീയ ശരാശരി 78 ശതമാനവും അയല്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും 25 ശതമാനവുമാണ് ശിക്ഷാനിരക്ക്. അതിനര്‍ത്ഥം എക്‌സൈസ് അറസ്റ്റ് ചെയ്യുന്ന പ്രതികളില്‍ ഭൂരിഭാഗവും ശിക്ഷിക്കപ്പെടുന്നു എന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പരിശീലനം പൂര്‍ത്തിയാക്കി എക്‌സൈസിന്റെ ഭാഗമായ യുവതീ-യുവാക്കള്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. ബിരുദാനന്തര ബിരുദം, എഞ്ചിനീയറിങ് ബിരുദം, ബിരുദം, എംസിഎ തുടങ്ങി മികച്ച വിദ്യാഭ്യാസ നിലവാരമുള്ള ആളുകള്‍ എക്‌സൈസ് സേനയിലേക്ക് കടന്നുവരുന്നു എന്നത് സേനയുടെ ഗുണനിലവാരവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് 60 പുരുഷ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരും 20 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരും പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി. പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികളില്‍ 39 ബിരുധദാരികളും, 17, ബിരുദാനന്തര ബിരുദധാരികളും, 16 ബിടെക് ബിരുദധാരികളും, 2 ബി.എഡ്. ബിരുദധാരികളികളും, 1 എം.ഫില്‍ ബുരുദധാരിയും, 1 ഡിപ്ലോമ ബിരുദധാരിയും ഉള്‍പ്പെടുന്നു.
പരിശീലനത്തിന്റെ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സേനാംഗങ്ങള്‍ക്ക് മന്ത്രി പുരസ്‌കാര വിതരണം ചെയ്തു. എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എക്‌സൈസ് അക്കാദമി ഡയറക്ടര്‍ കെ. പ്രദീപ് കുമാര്‍ എന്നിവര്‍ സല്യൂട്ട് സ്വീകരിച്ചു. ചടങ്ങില്‍ തൃശ്ശൂര്‍ ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി, വാര്‍ഡ് കൗണ്‍സിലര്‍ സാറാമ്മ റോബ്‌സണ്‍, ജനപ്രതിനിധികള്‍, മറ്റു വകുപ്പുകളിലേയും എക്‌സൈസ് വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments