Skip to main content

കുടുംബശ്രീ ഭക്ഷ്യ മേളയ്ക്ക് തുടക്കം

കുടുംബശ്രീയും മങ്കട ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി മക്കരപ്പറമ്പ് ജി.വി.എച്ച്.എസ് സ്കൂളിൽ സംഘടിപ്പിക്കുന്ന കഫെ കുടുംബശ്രീ ഭക്ഷ്യ മേള മഞ്ഞളാംകുഴി അലി എം. എൽ. എ ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 12 വരെ നീണ്ടുനിൽക്കുന്ന ഭക്ഷ്യമേളയിൽ ഓരോ ദിവസവും മങ്കട ബ്ലോക്കിലെ ഓരോ സി.ഡി.എസിലെ കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും സെമിനാറുകളും അരങ്ങേറും. ആദ്യദിനമായ ഇന്നലെ (ഏപ്രിൽ 8) മക്കരപ്പറമ്പ് സി.ഡി.എസ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഒപ്പം പായസ മത്സരവും അരങ്ങേറി. പത്തോളം ഭക്ഷ്യ വിപണന സ്റ്റാളുകളിലായി ഓലമടക്ക്, ഫലാഫിൽ, അതിശയപ്പത്തിരി തുടങ്ങിയ ചായക്കടികളും പാനിപ്പൂരി ചിക്കൻ കബാബ് തുടങ്ങിയ നോർത്ത് ഇന്ത്യൻ വിഭവങ്ങളും ചിക്കൻ, ബീഫ് വിഭവങ്ങളും വിവിധതരം ദോശകളു ജ്യൂസുകളും ബിരിയാണികളും വിവിധ തരം പയസങ്ങളും തുടങ്ങി രുചിയൂറും വിഭവങ്ങളാണ് മേളയിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. കുടുംബശ്രീ സംരംഭകരുടെ കലർപ്പില്ലാത്ത ഭക്ഷ്യവിഭവങ്ങൾ ആസ്വദിക്കാനായി ആദ്യദിനം തന്നെ നല്ല തിരക്കാണ് മേളയിൽ അനുഭവപ്പെട്ടത്.

ചടങ്ങിൽ മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് നുഹ്മാൻ ഷിബിലി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബി. സുരേഷ് കുമാർ വിഷയാവതരണം നടത്തി. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുൽ കരീം മുഖ്യാതിഥിയായി. കുറുവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീറ മോൾ പാലപ്ര, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ഫൗസിയ, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സുഹറാബി കാവുങ്ങൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹബീബുല്ല പട്ടാക്കൽ, വാർഡ് മെമ്പർ പി.കെ രാംദാസ്, കൂട്ടിലങ്ങാടി സി.ഡി.എസ് ചെയർപേഴ്സൺ റസ്‌ന തുടങ്ങിയവർ സംസാരിച്ചു. മക്കറപ്പറമ്പ് സി.ഡി.എസ് ചെയർപേഴ്സൺ അനിത സ്വാഗതവും കുടുംബശ്രീ പ്രോഗ്രാം മാനേജർ പി. റെനീഷ് നന്ദി പറഞ്ഞു.

 

date