ബോണക്കാട് ലയങ്ങളുടെ പുനരുദ്ധാരണം: നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനം
ബോണക്കാട് എസ്റ്റേറ്റിലെ ലയങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ തീരുമാനം. ജി സ്റ്റീഫൻ എംഎൽഎയുടെയും കളക്ടർ അനു കുമാരിയുടെയും സാന്നിധ്യത്തിൽ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ആറുമാസത്തിനുള്ളിൽ ലയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് നിർദേശം. 42 ലയങ്ങളിലായി 137 കുടുംബക്കാരാണ് സ്ഥിര താമസക്കാരായിട്ടുള്ളത്. ഇവരെ നാല് ഡിവിഷനുകളായി തിരിച്ചിട്ടുണ്ട്. ഒരു ഡിവിഷന്റെ മേൽക്കൂരയുടെ പണി പൂർത്തിയാക്കിയ ശേഷമാകും ബാക്കിയുള്ള ഡിവിഷനുകളിൽj പണികൾ ആരംഭിക്കുക. നാലു കോടി രൂപയാണ് പുനരുദ്ധാരണത്തിനായി അനുവദിച്ചിരിക്കുന്നത്. ആക്ഷൻ പ്ലാൻ ലഭ്യമായാൽ ഉടൻ നിർമ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജോലികൾ ആരംഭിക്കും.
ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളികൾക്കുള്ള ചികിത്സാധനസഹായവും , വിവാഹ ധനസഹായവും പ്ലാന്റേഷൻ റിലീഫ് ഫണ്ടിൽ നിന്നും അനുവദിച്ചു. അർബുദ രോഗബാധിതയായ കനകമ്മയ്ക്കും ഹൃദ്രോഗിയായ രാജുവിനും 10000 രൂപ വീതവും മകളുടെ വിവാഹ ധനസഹായമായി യേശുദാസിന് 15000 രൂപയുമാണ് സാമ്പത്തിക സഹായം അനുവദിച്ചിരിക്കുന്നത്.
യോഗത്തിൽ തിരുവനന്തപുരം ജില്ല ലേബർ ഓഫീസർ, നെടുമങ്ങാട് പ്ലാന്റേഷൻ ഇൻസ്പെക്ടർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments