കണ്‍സ്യൂമര്‍ ഫെഡിന്റെ വിഷു-ഈസ്റ്റര്‍ വിപണികള്‍ നാളെ മുതല്‍
വിഷു-ഈസ്റ്റര്‍ കാലയളവില്‍ വിപണിയില്‍ കുറഞ്ഞ വിലയില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങി കണ്‍സ്യൂമര്‍ഫെഡ്. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന ചന്തകള്‍ ജില്ലയില്‍ നാളെ (ഏപ്രില്‍ 12 ) മുതല്‍ 21 വരെ പ്രവര്‍ത്തിക്കും. നാളെ രാവിലെ പത്തിന് എടപ്പാള്‍ മെഗാമാര്‍ട്ട് പരിസരത്തു വെച്ച് നടക്കുന്ന ചന്തയുടെ ജില്ലാതല ഉദ്ഘാടനം കെ.ടി ജലീല്‍ എം.എല്‍.എ നിര്‍വഹിക്കും. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ചങ്ങരംകുളം, മാറഞ്ചേരി, എടപ്പാള്‍, വളാഞ്ചേരി, പുലാമന്തോള്‍, തിരൂര്‍, പരപ്പനങ്ങാടി, വണ്ടൂര്‍, പട്ടിക്കാട്, മഞ്ചേരി, എടക്കര തുടങ്ങിയ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലാണ് വിഷു-ഈസ്റ്റര്‍ ചന്ത സംഘടിപ്പിക്കുന്നത്. 13 ഇന നിത്യോപയോഗ സാധനങ്ങള്‍ക്ക് 40 ശതമാനം വരെയും മറ്റുള്ളവയ്ക്ക് 10 ശതമാനം മുതല്‍ 30 ശതമാനം വരെയും ഇളവ് ലഭിക്കും. ഒരു കിലോ ജയ അരിക്ക് 33 രൂപ, മട്ട അരി - 33 രൂപ, കുറുവ അരി - 33 രൂപ, പച്ചരി - 29 രൂപ, പഞ്ചസാര - 33 രൂപ, ചെറുപയര്‍ - 90 രൂപ, കടല - 69 രൂപ, ഉഴുന്ന് - 95 രൂപ, വന്‍പയര്‍ - 79, തുവരപ്പരിപ്പ്- 115, മുളക് 500 ഗ്രാമിന് 65 രൂപ, മല്ലി 500 ഗ്രാമിന് 39 രൂപ, , വെളിച്ചെണ്ണ ഒരു ലിറ്റര്‍ 220 രൂപ എന്നീ നിരക്കുകളിലാണ് വില്‍പ്പന നടത്തുന്നത്. പ്രതിദിനം ത്രിവേണികളില്‍ 75 പേര്‍ക്കും ജില്ലാ ചന്തയില്‍ 150 പേര്‍ക്കുമാണ് വിതരണം. സബ്സിഡി സാധനങ്ങള്‍ റേഷന്‍ കാര്‍ഡ് വഴിയാണ് വിതരണം നടത്തുക. 13 ഇന സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമെ പൊതുമാര്‍ക്കറ്റില്‍ നിന്നു വിലക്കുറവില്‍ നോണ്‍ സബ്സിഡി സാധനങ്ങളും പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ കൂടാതെ സ്‌കൂള്‍ വിപണിയിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും വില്‍പ്പനയ്ക്കായി സജ്ജമാക്കിയിട്ടുണ്ടെന്ന് കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍ അറിയിച്ചു.
- Log in to post comments