'സുസ്ഥിര തൃത്താല': കാർഷിക കാർണിവലിന് സമാപനം
'സുസ്ഥിര തൃത്താല' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കൂറ്റനാട് കാർഷിക കാർണിവലിന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ സമാപനം.കൂറ്റനാട് സെൻ്ററിൽ നിന്നും ആരംഭിപ്പിച്ച ഘോഷയാത്ര വാഴക്കാട് പാടശേഖരത്ത് സമാപിച്ചു.ശ്രീലയം മുതുതല വനിതാ സംഘത്തിൻ്റെ പഞ്ചാരിമേളത്തോടൊപ്പം നാടൻ കലാരൂപമായ തിറയും ഘോഷയാത്രയ്ക്ക് മിഴിവേകി.
തൃത്താല മണ്ഡലത്തിലെ വിവിധയിടങ്ങളിൽ തനതായി ഉല്പാദിപ്പിച്ച കാർഷിക ഉല്പന്നങ്ങളുടെ വിപണനവും കാർഷിക മേഖലയിലെ നവോന്മേഷവും ലക്ഷ്യമാക്കി മന്ത്രി എം ബി രാജേഷ് മുൻകൈ എടുത്താണ് സുസ്ഥിര തൃത്താലയുടെ ഭാഗമായി നാഗലശ്ശേരി വാഴക്കാട് പാടശേഖരത്തിൽ മൂന്ന് ദിവസം നീണ്ടുനിന്ന കാർഷിക കാർണിവൽ സംഘടിപ്പിച്ചത്.
കാർണിവലിൻ്റെ ഭാഗമായി കാർഷിക വിഭവങ്ങളുടെ വിളവെടുപ്പ് മഹോത്സവം, ഉൽപ്പന്നങ്ങളുടെ വിപണനമേള, നാടൻ കലാരൂപങ്ങളുടെ അവതരണം, നാടൻ ഭക്ഷ്യവിഭവമേള, മത്സ്യവിപണന മേള, എന്നീ വൈവിധ്യങ്ങളായ പരിപാടികളാണ് നടന്നത്. നാടൻ ഭക്ഷ്യവിഭവങ്ങളുടെ മേളയും ലൈവ് ഫിഷ് വിപണനമേളയും കാർണിവലിൻ്റെ മുഖ്യ ആകർഷണങ്ങളായി.
കാർഷിക മേളയുടെ
സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ-എക്സൈസ്-പാർലിമെൻ്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവ്വഹിച്ചു.
കൃഷിവകുപ്പ്, ആത്മ, മത്സ്യബന്ധന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, കുടുംബശ്രീ, മണ്ണ് പര്യവേഷണ വകുപ്പ്, തദ്ദേശസ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളും ഏജൻസികളും കൈകോർത്താണ് കാർഷിക കാർണിവൽ മനോഹരമാക്കിയത്.
- Log in to post comments