പുന്നയൂർക്കുളത്ത് കടൽഭിത്തി നിർമാണം; യോഗം ചേർന്നു
പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ അണ്ടത്തോട് അര കിലോമീറ്റർ ദൂരത്തിൽ കടൽഭിത്തി നിർമാണം ഉടൻ ആരംഭിക്കുവാൻ തീരുമാനമായി. എൻ.കെ അക്ബർ എം.എൽ.എയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം എടുത്തത്.
നിലവിൽ ബജറ്റിൽ വകയിരുത്തിയ 4.5 കോടി രൂപ ഉപയോഗിച്ചാണ് ആദ്യഘട്ടത്തിൽ നിർമാണം നടത്തുക.
കടൽക്ഷോഭ ഭീഷണി നേരിടുന്ന പ്രദേശങ്ങൾ പ്രത്യേകമായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശം ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയത്. കടലാക്രമണ ഭീഷണി നേരിടുന്ന ബാക്കി പ്രദേശത്ത് കൂടി കടൽഭിത്തി നിർമിക്കുന്നതിന് പദ്ധതി തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിക്കുമെന്നും എം.എൽ.എ യോഗത്തിൽ അറിയിച്ചു.
പ്രദേശത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. മഴവെള്ളം കടലിലേക്ക് ഒഴുകി പോകുന്ന അറപ്പത്തോടിന് സമീപം സ്ലൂയിസ് ഉൾപ്പെടെ നിർമിക്കുന്നതിനുള്ള സാങ്കേതിക പരിശോധന നടത്താൻ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
അണ്ടത്തോട് വി.പി മാമു മെമ്മോറിയൽ ഹാളിൽ ചേർന്ന യോഗത്തിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, ജനപ്രതിനിധികളായ കെ.എച്ച് ആബിദ്, ബുഷറ നൗഷാദ്, ഷാനിബ മൊയ്തുണ്ണി, പി.എസ് അലി, മൂസ ആലത്തയിൽ, ജലസേചന വകുപ്പ് അസി.എക്‌സി. എഞ്ചിനീയർ സീത, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments