Skip to main content

തൃശ്ശൂർ കോർപ്പറേഷൻ ഒല്ലൂർ മേഖലാ കാര്യാലയം പുതിയ കെട്ടിട സമുച്ചയം നാടിന് സമർപ്പിച്ചു

 

 

തൃശ്ശൂർ കോർപ്പറേഷൻ ഒല്ലൂർ മേഖലാ കാര്യാലയത്തിന്റെ പുതിയ കെട്ടിട സമുച്ചയത്തിന്റെ സമർപ്പണം തദ്ദേശ സ്വയംഭരണ വകുപ്പ്, എക്സൈസ് , പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു. പുതിയ കെട്ടിടത്തിലെ ലിഫ്റ്റിന്റെ ഉദ്ഘാടനം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവ്വഹിച്ചു. മേയർ എം. കെ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ എം. എൽ റോസി കരാറുകാരനെ ആദരിച്ചു. 

 

ഒല്ലൂർ ജംഗ്ഷൻ വികസനത്തിന്റെ രണ്ടാം ഘട്ടമെന്ന നിലയിലാണ് കോർപ്പറേഷൻ ഒല്ലൂർ മേഖലാ ഓഫീസ് പനങ്കുറ്റിച്ചിറയിൽ നിർമ്മിച്ചത്. അത്യാധുനിക രീതിയിൽ മൂന്ന് നിലകളുള്ള കെട്ടിടത്തിൽ ലിഫ്റ്റും മുൻഭാഗത്ത് ടൈൽ വിരിക്കുന്ന പ്രവൃത്തി ഉൾപ്പെടെ അഞ്ചര കോടി രൂപ ചെലവുചെയ്ത് എല്ലാ സംവിധാനങ്ങളോടും കൂടിയാണ് സമർപ്പിച്ചത്.

 

നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളുടെ പരമ്പരയാണ് തൃശ്ശൂർ നഗരത്തിൽ നടന്നു കൊണ്ടിരിക്കുന്നതെന്നും അതിൽ ഒടുവിലത്തേതാണ് ഒല്ലൂർ സോണൽ ഓഫീസ് എന്നും മന്ത്രി എം. ബി രാജേഷ് പറഞ്ഞു. ഇനി കേരളത്തിലെ ഒരു തദ്ദേശ സ്ഥാപനങ്ങളിലേക്കും നടന്ന് ഒരാളുടെയും ചെരുപ്പ് തേയില്ല കാല് കഴയ്ക്കുകയുമില്ല. കെ സ്മാർട്ട് ആപ്ലിക്കേഷനിലൂടെ വേഗത്തിൽ സുതാര്യമായി അഴിമതിയില്ലാതെ ഓൺലൈൻ ആയി സേവനങ്ങൾ ലഭ്യമാകും. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം ഉടൻ മാറുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. തൃശ്ശൂരിന്റെ നഗര വീഥികൾ വൃത്തിയാക്കി മനോഹരമാക്കിയത് അതേ രീതിയിൽ സൂക്ഷിക്കുക എന്നത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും വൃത്തിഹീനമാക്കുന്നവർക്കെതിരെ നിയമ നടപടി എടുക്കാൻ മടി വേണ്ടെന്നും മന്ത്രി ഓർമിപ്പിച്ചു. ഒല്ലൂർ സോണിലെ വിവിധ വികസന പ്രവർത്തനങ്ങളെക്കുറിച്ച് 

മന്ത്രി അഡ്വ. കെ രാജൻ സംസാരിച്ചു. 

 

പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കരോളിൻ ജെറിഷ് പെരിഞ്ചേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വർഗീസ് കണ്ടംകുളത്തി, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ. ഷാജൻ, നികുതി അപ്പീൽകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ റോബ്സൺ, ഡിപിസി അംഗം സി. പി പോളി, കൗൺസിലർമാരായ ശ്യാമള വേണുഗോപാൽ, നീതു ദിലീഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു തച്ചനാടൻ, പി. ഡി റെജി, ഉണ്ണികൃഷ്ണൻ ഈച്ചരത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു.

 

സൂപ്രണ്ടിംഗ് എഞ്ചിനിയർ പി. ആർ ശ്രീലത റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് എഞ്ചിനിയർ സുജ ജോർജ്ജ് നന്ദിയും പറഞ്ഞു.

date