Skip to main content

വൻ വികസന സാധ്യതകളുമായി തീരദേശ ഹൈവേ; നിർമാണം പുരോഗമിക്കുന്നു

ഗതാഗത-തീരദേശ മേഖലകൾക്കും ടൂറിസത്തിനും അനന്തസാധ്യകൾ തുറക്കാൻ ലക്ഷ്യമിട്ടുള്ള തീരദേശ ഹൈവേയുടെ നിർമാണം കണ്ണൂർ ജില്ലയിൽ പുരോഗമിക്കുന്നു. ഏകദേശം 60 കിലോമീറ്റർ നീളത്തിലാണ് ജില്ലയിൽ പാതയൊരുങ്ങുന്നത്. സംസ്ഥാനമൊട്ടാകെ വിഭാവനം ചെയ്യുന്ന 14 മീറ്റർ വീതിയുള്ള പാതയുടെ നിർമാണ ചെലവ് 6500 കോടി രൂപയാണ്. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ കേരള റോഡ് ഫണ്ട് ബോർഡാണ് നിർമാണ ചുമതല നിർവഹിക്കുന്നത്. നിലവിലുളള ദേശീയപാതകളും സംസ്ഥാനപാതകളും തീരദേശ ഹൈവേയുടെ ഭാഗമാക്കിയും പുതിയ നിർമാണങ്ങൾ നടത്തിയും മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്.

ഡ്രെയിനേജ് സംവിധാനം, സെക്കിൾ യാത്രക്കാർക്ക് പ്രത്യേക ട്രാക്ക്, ഏഴ് മീറ്ററിൽ വാഹന പാത, നടപ്പാത, ബസ് ബേകൾ തുടങ്ങി വിവിധ സൗകര്യങ്ങളോടു കൂടിയാണ് പാതയുടെ നിർമാണം പൂർത്തിയാക്കുക. അന്തർദേശീയ നിലവാരത്തിൽ രണ്ടര മീറ്റർ വീതിയുള്ള സൈക്കിൾ ട്രാക്കാണ് പാതയുടെ ഭാഗമായി നിർമിക്കുന്നത്. മാഹി പാലം മുതൽ രാമന്തളി വരെയാണ് ജില്ലയിലൂടെ പാത കടന്നുപോകുന്നത്. മാഹി പാലം-ധർമടം പാലം, ധർമടം-എടക്കാട്, എടക്കാട്-കുറുവ, കുറുവ -പ്രഭാത് ജംഗ്ഷൻ, പ്രഭാത് ജംഗ്ഷൻ-പയ്യാമ്പലം, പയ്യാമ്പലം-നീർക്കടവ്, മീൻകുന്ന്-ചാൽബീച്ച്, ചാൽബീച്ച്-അഴീക്കൽ, അഴീക്കൽ-പാലക്കോട്, പാലക്കോട്-കുന്നരു സിറ്റി, കുന്നരു സിറ്റി-പാണ്ട്യാലക്കടവ് എന്നീ റീച്ചുകളിലായാണ് പാതയുടെ നിർമാണം പൂർത്തീകരിക്കുക. തിരുവനന്തപുരം പൂവാർ മുതൽ കാസർഗോഡ് കുഞ്ചത്തൂർ വരെ 623 കിലോമീറ്റർ ദൂരത്തിൽ നീണ്ടുകിടക്കുന്ന പാതയുടെ ആദ്യ റീച്ച് മലപ്പുറത്ത് ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. 39 റീച്ചുകളിൽ സ്ഥലം ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്.

നിരവധി പൈതൃകങ്ങൾക്കും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾക്കും വിവിധ സാമ്പത്തിക പ്രവർത്തനങ്ങൾക്കും പേരുകേട്ടതാണ് കേരളത്തിന്റെ തീരദേശം. തീരദേശ ഹൈവേ നാടിന് തുറന്നു നൽകുന്നതിലൂടെ പ്രദേശങ്ങളിലെ കൃഷിയും അനുബന്ധ മേഖലകളും റോഡ്, വ്യവസായം, ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിൽ വൻ കുതിപ്പാണുണ്ടാവുക. സംസ്ഥാനത്തെ ചെറുതും വലുതുമായ തുറമുഖങ്ങളുടെ വികസനം കണക്കിലെടുത്താൽ സുഗമമായ കണ്ടെയ്നർ ഗതാഗതത്തിനും ഹൈവേകളിലെ തിരക്ക് കുറക്കാനും ഈ പദ്ധതി വലിയൊരു നാഴികക്കല്ലാകുമെന്ന് ഉറപ്പ്.

date