Skip to main content

കേരളപ്പിറവി ദിനത്തില്‍ സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതിയ്ക്ക് തുടക്കമാകുന്നു

കൊച്ചി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായുള്ള വിവിധ സമഗ്ര ശുചിത്വ മാലിന്യ പ്രൊജക്ടുകള്‍ക്ക് ജില്ലയില്‍ ഇന്ന് തുടക്കം. ജില്ലയിലെ ഇരുപതോളം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ സമഗ്ര ശുചിത്വ കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള പ്രൊജക്ടുകളുടെ ഉദ്ഘാടനങ്ങള്‍ ഇന്ന് നടക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുന്നുകര ഗ്രാമ പഞ്ചായത്തില്‍ പ്രൊഫ.കെ.വി.തോമസ് എം.പി. നിര്‍വ്വഹിക്കും. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കുന്നതിനൊപ്പം പഞ്ചായത്ത് തല മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ ഉദ്ഘാടനവും കുന്നുകരയില്‍ ഇന്ന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ആശാ സനല്‍, ജില്ലാ കളക്ടര്‍ ശ്രീ.മൊഹമ്മദ് വൈ.സഫിറുള്ള, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. പ്ലാസ്റ്റിക്, ലോഹങ്ങള്‍, ലെതര്‍ തുടങ്ങിയ അജൈവ മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് സൂക്ഷിക്കുന്നതിനുള്ള മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകളുടെ നിര്‍മ്മാണോത്ഘാടനം അങ്കമാലി, ഏലൂര്‍ നഗരസഭകളിലും ചെങ്ങമനാട്, എളങ്കുന്നപ്പുഴ, ഉദയംപേരൂര്‍, ചേരാനല്ലൂര്‍ ഗ്രാമ പഞ്ചായത്തുകളിലും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലും ഇന്ന് നടക്കും. ചേന്ദമംഗലം, പൂത്തൃക്ക, പോത്താനിക്കാട് ഗ്രാമ പഞ്ചായത്തുകളിലും നിര്‍മ്മാണം പൂര്‍ത്തീകരിച്ച എം.സി.എഫുകളുടെ ഉദ്ഘാടനവും തൃക്കാക്കര നഗരസഭകളില്‍ താത്ക്കാലിക എം.സി.എഫ്. ഷെഡിന്റെ ഉദ്ഘാടനവും നടക്കും. ശേഖരിച്ച പ്ലാസ്റ്റിക് പുനരുപയോഗിക്കുന്നതിനായ് പൊടിക്കുന്നതിനുള്ള പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണീറ്റിന്റെയും ഗ്രീന്‍ ടെക്‌നോളജി സെന്ററിന്റെയും ഉദ്ഘാടനം പെരുമ്പാവൂര്‍ നഗരസഭയില്‍ നടക്കും. വീടുകളില്‍ എത്തി പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളുടെ പരിശീലനം, ബയോഗ്യാസ് പ്ലാന്റുകളുടെ വിതരണം, പ്ലാസ്റ്റിക് ശേഖരണം തുടങ്ങിയ വിവിധ പരിപാടികളുടെ ഉദ്ഘാടനങ്ങളും മൂവാറ്റുപുഴ, തൃപ്പൂണിത്തുറ, ചെല്ലാനം, നെടുമ്പാശ്ശേരി, നെല്ലിക്കുഴി, വരാപ്പുഴ, ആമ്പല്ലൂര്‍ തുടങ്ങിയ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും നടക്കും. വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ എം.എല്‍.എ.മാര്‍, മുനിസിപ്പല്‍ അദ്ധ്യക്ഷര്‍, ബ്ലോക്ക്/ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

date