Skip to main content
sabarimala 1

മിഷന്‍ഗ്രീന്‍ ശബരിമല: സര്‍ക്കാര്‍ വകുപ്പുകളും സന്നദ്ധ സംഘടനകളും ഏകോപിതമായി പ്രവര്‍ത്തിക്കും -ജില്ലാ കളക്ടര്‍

മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതി വിജയിപ്പിക്കാന്‍ തീര്‍ഥാടന കാലയളവില്‍ സര്‍ക്കാര്‍ വകുപ്പുകളും സന്നദ്ധ സംഘടനകളും ഏകോപിതമായി പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. മിഷന്‍ ഗ്രീന്‍ ശബരിമല പ്രവര്‍ത്തനങ്ങളുടെ അന്തിമ വിലയിരുത്തലിന് കളക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെയും സന്നദ്ധ സംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. 

അമൃതാനന്ദമയി മഠത്തിന്റെയും സത്യസായി സേവാ സംഘടനയുടെയും ആഭിമുഖ്യത്തിലുള്ള ശുചീകരണം ഇന്നും(11) നാളെയും( 12) നടക്കും. 1000 സന്നദ്ധ പ്രവര്‍ത്തകരെയാണ് അമൃതാനന്ദമയി മഠം ശുചീകരണത്തിനായി എത്തിക്കുന്നത്. ഇതില്‍ 600 പേര്‍ സന്നിധാനത്തും 400 പേര്‍ പമ്പയിലും ശുചീകരണം നടത്തും. സത്യസായി സേവാ സംഘടനയുടെ പ്രവര്‍ത്തകര്‍ മാളികപ്പുറം ശുചീകരിക്കും. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ 800 വിശുദ്ധി സേനാംഗങ്ങള്‍ 13ന് എത്തും. 14 മുതല്‍ വിശുദ്ധി സേനാംഗങ്ങള്‍ സന്നിധാനം, പമ്പ, വിവിധ ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ ശുചീകരണ ജോലികള്‍ ആരംഭിക്കും.

ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ കരിയര്‍ ഗൈഡന്‍സ് സെല്ലുകളുടെ ആഭിമുഖ്യത്തില്‍ തീര്‍ഥാടന കാലയളവില്‍ ഓരോ ദിവസവും 50 ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന ടീം പമ്പയില്‍ വിവിധ ഭാഷകളിലുള്ള പ്ലക്കാര്‍ഡുകളുമായി പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണ സന്ദേശങ്ങള്‍ നല്‍കും. പമ്പയില്‍ പ്രത്യേകം തയാറാക്കിയിട്ടുള്ള പ്ലാറ്റ്‌ഫോമില്‍നിന്ന് വിവിധ ഭാഷകളില്‍ ബോധവത്കരണ അനൗണ്‍സ്‌മെന്റുകളും വിദ്യാര്‍ഥികള്‍ നടത്തും. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകിട്ട് നാലുവരെയായിരിക്കും വിദ്യാര്‍ഥികള്‍ ബോധവത്കരണം നടത്തുക. മിഷന്‍ ഗ്രീന്‍ ശബരിമലയുടെ ഭാഗമായി ബോധവത്കരണത്തിനായി വിവിധ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികളെ പമ്പയിലേക്കും തിരിച്ചും സൗജന്യമായി എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകളിലായിരിക്കും വിദ്യാര്‍ഥികളെ എത്തിക്കുന്നതും തിരികെ കൊണ്ടുപോകുന്നതും. ഇതിനുള്ള തുക സാനിറ്റേഷന്‍ സൊസൈറ്റിയില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് നല്‍കും. ബോധവത്കരണ സന്ദേശവുമായി എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ യൂണിഫോം, തൊപ്പി എന്നിവ നല്‍കും. 

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ളാഹ, കണമല, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ഥാടകരില്‍ നിന്നും പ്ലാസ്റ്റിക് സഞ്ചികള്‍ ശേഖരിച്ച് പകരം തുണിസഞ്ചികള്‍ നല്‍കുന്ന എക്‌സ്‌ചേഞ്ച് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.ആദ്യഘട്ടമായി തീര്‍ഥാടകര്‍ക്ക് നല്‍കുന്നതിനുള്ള 50,000 തുണി സഞ്ചികള്‍ തയാറായിട്ടുണ്ട്. ഇതില്‍ 25,000 സഞ്ചികള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും 25,000 സഞ്ചികള്‍ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുമാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. പത്തനംതിട്ടയിലെ ശബരിമല ഇടത്താവളത്തില്‍ തീര്‍ഥാടകര്‍ക്ക് ഭക്ഷണം പാകം ചെയ്തു കഴിക്കുന്നതിന് കുടുംബശ്രീ ഏര്‍പ്പെടുത്തുന്ന പ്രത്യേക സംവിധാനം 16ന് ആരംഭിക്കും. 

ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ വിവിധ ഭാഷകളിലുള്ള പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റിക്കറുകള്‍ ളാഹ, കണമല, നിലയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തീര്‍ഥാടകരുടെ വാഹനങ്ങളില്‍ പതിക്കും.  പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണ സന്ദേശങ്ങള്‍ അടങ്ങുന്ന വിവിധ ഭാഷകളിലുള്ള പോക്കറ്റ് കാര്‍ഡുകളും ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ വിതരണം ചെയ്യും. 50,000 സ്റ്റിക്കറുകളും 25,000 പോക്കറ്റ് കാര്‍ഡുകളുമാണ് ശുചിത്വമിഷന്‍ ഇതിനായി തയാറാക്കുന്നത്. 

തീര്‍ഥാടനത്തിനു ശേഷം മടങ്ങിപ്പോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ചാലക്കയത്ത് സൗജന്യ ചുക്കു കാപ്പി വിതരണം നടത്തും. ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതുമൂലം ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് ചുക്കു കാപ്പി വിതരണം ചെയ്യുന്നത്. ഇന്‍ഷ്വറന്‍സ് കമ്പനികളുടെ സഹകരണത്തോടെ കുടുംബശ്രീ ആയിരിക്കും ചുക്ക് കാപ്പി വിതരണം നിര്‍വഹിക്കുക. ചുക്കു കാപ്പി വിതരണ കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണ സ്റ്റിക്കറുകള്‍ വാഹനങ്ങളില്‍ പതിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

യോഗത്തില്‍ തിരുവല്ല ആര്‍ഡിഒ ടി.കെ. വിനീത്, ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ പി.ടി. ഏബ്രഹാം, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യുട്ടി ഡയറക്ടര്‍ സി.കെ. ഹാബി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. സാബിര്‍ ഹുസൈന്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ വി. വിജയകുമാരന്‍, ജൂനിയര്‍ സൂപ്രണ്ട് എ.റ്റി. സജി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സീനിയര്‍ മാനേജര്‍ രാജു ജോസഫ്, ഹയര്‍സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ സജയന്‍ ഓമല്ലൂര്‍, ക്ലീന്‍ കേരള അസിസ്റ്റന്റ് മാനേജര്‍ ദിലീപ് കുമാര്‍, നെഹ്‌റു യുവകേന്ദ്ര പ്രതിനിധി എസ്. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

 

date