ജില്ലാതല ശിശുദിനാഘോഷം പത്തനംതിട്ടയില്‍ 14ന്
ജില്ലാതല ശിശുദിനാഘോഷം 14ന് വിപുലമായ പരിപാടികളോടെ പത്തനംതിട്ടയില്‍ നടക്കുമെന്ന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ അറിയിച്ചു. വര്‍ണശബളമായ ശിശുദിന റാലി, പൊതുസമ്മേളനം, കലാപരിപാടികള്‍ എന്നിവ യുണ്ടാകും. ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളും എന്‍സിസി കേഡറ്റുകളും അണിനിരക്കുന്ന ശിശുദിന ഘോഷയാത്ര രാവിലെ എട്ടിന് പത്തനംതിട്ട കളക്ടറേറ്റില്‍ നിന്ന് ആരംഭിക്കും. ജില്ലാ പോലീസ് മേധാവി ഡോ. സതീഷ് ബിനോ പതാക ഉയര്‍ത്തും. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് റാലി ഫ്‌ളാഗ് ഓഫ് ചെയ്യും.
പത്തനംതിട്ട തൈക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ഗവണ്‍മെന്റ് ന്യൂ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിനി ആര്‍.കൃഷ്ണപ്രിയ നിര്‍വഹിക്കും.പത്തനംതിട്ട എംടിഎച്ച്എസ്എസ് വിദ്യാര്‍ഥി ഹെവന്‍ലി കോശി ടോം അധ്യക്ഷത വഹിക്കും. തിരുവല്ല എംജിഎം എച്ച്എസ്എസ് വിദ്യാര്‍ഥിനി അമിതാ വിനോദ് സ്വാഗതം പറയും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി സമ്മാനദാനം നിര്‍വഹിക്കും.
ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ശിശുദിന സന്ദേശം നല്‍കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. ടി.കെ.ജി നായര്‍ മുഖ്യപ്രഭാഷണം നടത്തും. കോന്നി ആര്‍വിഎച്ച്എസ്എസിലെ വിദ്യാര്‍ഥി ഫിലിപ്പ് വര്‍ഗീസ്, കുരമ്പാല സെന്റ് തോമസ് ഇഎംഎസിലെ വിദ്യാര്‍ഥിനി കൃപാ എല്‍സാ സാബു, കിടങ്ങന്നൂര്‍ എസ് വി ജി വി എച്ച്എസ്എസിലെ വിദ്യാര്‍ഥിനി അദിതി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
കോന്നി ആര്‍വിഎച്ച്എസ്എസിലെ റ്റിനി തോമസും സംഘവും, കുരമ്പാല സെന്റ് തോമസ് ഇഎംഎച്ച്എസിലെ ശ്രീജേഷും സംഘവും ദേശഭക്തിഗാനം ആലപിക്കും. ഇതോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. ജില്ലാതല പരിപാടിക്കൊപ്പം മുന്‍സിപ്പല്‍/ബ്ലോക്ക്തല ശിശുദിനാഘോഷ പരിപാടികളും നടക്കും. ജില്ലാതല ദേശീയ ബാലചിത്ര രചനാ മത്സരം ഈമാസം 19ന് രാവിലെ 10 മുതല്‍ പത്തനംതിട്ട തൈക്കാവ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.
- Log in to post comments